കോഴഞ്ചേരി : ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മുഖേന ത്രിതല പഞ്ചായത്തുകളുടെയും,കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഭവന നിർമ്മാണം പൂർത്തിയാക്കിയ 227 ഗുണഭോക്താക്കളുടെ കുടുംബ സംഗമവും, ബ്ലോക്ക് പഞ്ചായത്ത് വികസന മേള 2020 ഉദ്ഘാടനവും,ലൈഫ് മിഷൻ അദാലത്തും നാളെ രാവിലെ 9.30ന് കോഴഞ്ചേരി മാർത്തോമ്മ സീനിയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.വികസന മേള ആന്റോ ആന്റണി എം.പി.,കുടുംബ സംഗമവും,അദാലത്തും വീണാ ജോർജ്ജ് എംഎൽഎ,ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ സ്‌കോളർഷിപ്പും,പഠനമുറിയും രാജു ഏബ്രഹാം എം.എൽ.എ, ആർദ്രം ജനകീയ ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി,പ്രീസ്‌കൂൾ കിറ്റി വിതരണവും,അങ്കണവാടി കുട്ടികളുടെ സൗജന്യ മെഡിക്കൽ ക്യാമ്പും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ എന്നിവർ ഉദ്ഘാടനം ചെയ്യും.ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ,ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.