bamboo
ഇരവിപേരൂരിലെ ഹരിതശ്രീ കുടുംബയൂണിറ്റ് ഉപഹാരമായി നല്കിയ മഴമൂളിയിലൂടെ മഴയുടെ വിവിധ ശബ്ദക്രമം വീണാജോർജ്ജ് എം എൽ എ മൈക്കിലൂടെ കേൾപ്പിച്ചപ്പോൾ

തിരുവല്ല: പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ബദൽ മാർഗങ്ങൾ പരിചയപ്പെടുത്തുകയാണ് ഇരവിപേരൂരിലെ കുടുംബശ്രീ അംഗങ്ങൾ. പ്രകൃതിയോടിണങ്ങി ജീവിക്കാൻ പ്ലാസ്റ്റിക്കിന് ബദലായി വേണ്ടിവരുന്ന ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഈ കുടുംബശ്രീ യൂണിറ്റ് പതിനായിരത്തോളം തുണിസഞ്ചികൾ നിർമ്മിച്ചു നല്കി. 2012മുതൽ പ്ലാസ്റ്റിക്ക് സംഭരണവും അതുപയോഗിച്ചുള്ള റോഡ് ടാറിംഗും നടക്കുന്ന ഇരവിപേരൂർ പഞ്ചായത്തിൽ 2018ൽ കുടുംബശ്രീ ആരംഭിച്ചതാണ് തുണിസഞ്ചി നിർമ്മാണ യൂണിറ്റ്. ഓർഡർ അനുസരിച്ച് തുണിസഞ്ചി നിർമ്മിച്ചു നല്കുന്ന യൂണിറ്റ് കഴിഞ്ഞവർഷം സ്‌കൂൾകുട്ടികൾക്ക് സൗജന്യമായി സ്‌ട്രോബറി മാതൃകയിലുള്ള ആകർഷകമായ 3000 സഞ്ചികൾ നിർമ്മിച്ചതും ശ്രദ്ധയാകർഷിച്ചിരുന്നു.

ഹരിതശ്രീയുടെ പ്രത്യേകത

വ്യാപാര സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം സ്ഥാപനത്തിന്റെ പേരുകൂടി അച്ചടിച്ച തുണിസഞ്ചികൾ വിപണിയിൽ എത്തിക്കുകയാണ് ഈ ഗ്രൂപ്പ്. ഇതുകൂടാതെ പഞ്ചായത്തിൽ ആരംഭിച്ച മറ്റൊരു ബദൽമാർഗ യൂണിറ്റാണ് ഹരിതശ്രീ എന്ന മുള ഉത്പന്നങ്ങളുടെ നിർമ്മാണ സംരംഭം. കുടുംബശ്രി അംഗങ്ങളായ 15 സ്ത്രീകളാണ് ഈ യൂണിറ്റിൽ പ്രവർത്തിക്കുന്നത്. ഓഫീസുകളിലേക്കും വീടുകളിലേക്കുമുള്ള മുള ഉത്പന്നങ്ങളാണ് ഹരിതശ്രീയുടെ പ്രത്യേകത

ആവശ്യപ്പെടുന്നതനുസരിച്ച് നി‌ർമ്മാണം


ടൂത്ത് പിക്ക്, ഹാംങ്ങർ മുതൽ മെഡറ്റേഷനുപയോഗിക്കുന്ന മഴമൂളി വരെ ഇവിടെ ലഭിക്കും. ഏതെങ്കിലും പ്രത്യേക ഉപയോഗത്തിനുള്ള ഉത്പന്നം ആവശ്യപ്പെടാൽ അത് നിർമ്മിച്ചു നല്കാനുള്ള പ്രാവീണ്യവും ഈ ഗ്രൂപ്പിനുണ്ട്. ഇരവിപേരൂർ പഞ്ചായത്തും ഘടകസ്ഥാപനങ്ങളിലും ആവശ്യപ്പെട്ടിട്ടുള്ള ഫയൽ, പെൻഹോൾഡർ, ഡസ്റ്റ് ബിൻ, പേന എന്നിവയുടെ നിർമ്മാണ തിരക്കിലാണ് യൂണിറ്റ്. ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം വീണാജോർജ്ജ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് ഓഫീസിലേക്ക് ആവശ്യമായ ഉത്പന്നങ്ങൾക്ക് കാഷ് ചെക്ക് കൈമാറിയായിരുന്നു ഉദ്ഘാടനം. യൂണിറ്റ് ഉപഹാരമായി നല്കിയ മഴമൂളിയിലൂടെ മഴയുടെ വിവിധ ശബ്ദക്രമം എം.എൽ.എ മൈക്കിലൂടെ കേൾപ്പിച്ചത് കൗതുകമായി.പ്രസിഡന്റ് അനസൂയദേവി അദ്ധ്യക്ഷയായി.വൈസ് പ്രസിഡന്റ് അഡ്വ.എൻ.രാജീവ്,പരിശീലന പരിപാടികൾക്ക് നേതൃത്വവും സഹായവും ചെയ്ത തിരുവനന്തപുരം ആസ്ഥാനമായുള്ള റൈറ്റ്‌സ് എന്ന സംഘടനയുടെ ഡയറക്ടർ അജയകുമാർ,മെമ്പർമാരായ വി.കെഓമനക്കുട്ടൻ,സാബു ചക്കുമൂട്ടിൽ,മേഴ്‌സമോൾ,സാലി ജേക്കബ്,സി.ഡി.എസ് ചെയർപേഴ്‌സൺ ശാന്തമ്മ രാജപ്പൻ,പഞ്ചായത്ത് സെക്രട്ടറി എസ്.സുജാകുമാരി എന്നിവർ പ്രസംഗിച്ചു.


-തുണിസഞ്ചി നിർമ്മാണ യൂണിറ്റ് ആരംഭിച്ചത് 2018ൽ

-അംഗങ്ങൾ 15 സ്ത്രീകൾ

-സ്‌കൂൾകുട്ടികൾക്ക് സൗജന്യമായി 300 സഞ്ചികൾ നി‌ർമിച്ചു നൽകി