പത്തനംതിട്ട : സംസ്ഥാനത്ത് പന്നിപ്പന്നി റിപ്പോർട്ട് ചെയ്തതോടെ പരിഭ്രാന്തിയിലാണ് പത്തനംതിട്ടയും. സ്വൈൻ ഫ്ലൂ അഥവാ പന്നിപ്പനി കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് റിപ്പോർട്ട് ചെയ്തത്. പന്നി ശല്യം ഏറെ നേരിടുന്ന ജില്ലയാണ് പത്തനംതിട്ട. അത് കൊണ്ട് തന്നെ പനി ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഇത് ഒരു പകർച്ച പനിയാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ അപകടം. പനിയുള്ള വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പ്രവേശിക്കുന്ന വൈറസ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ലക്ഷണം കാണിച്ചു തുടങ്ങും. ആദ്യ അഞ്ച് ദിവസത്തിനുള്ളിലും കുട്ടികൾക്ക് പത്ത് ദിവസത്തിനുള്ളിലുമാണ് രോഗം പകരുന്നത്. എച്ച്.വൺ എൻ.വൺ ടൈപ്പ് എ ഇൻഫ്ലുവൻസ വൈറസുകൾ ആണ് പന്നിപ്പനിയ്ക്ക് കാരണമാകുന്നത്. ഈ വൈറസ് പന്നികളിൽ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. പന്നികളിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന പനി പന്നിഫാമുകളിൽ പണിയെടുക്കുന്നവരിലാണ് കാണപ്പെടുന്നത്. രോഗം ബാധിച്ചവർക്ക് ആന്റീവൈറസായ ഒസെൾട്ടാമിവിർ ആണ് നൽകുക. പനി ബാധിച്ച് രണ്ട് ദിവസത്തിനുള്ളിൽ ചികിത്സ തുടങ്ങുന്നതാണ് ഏറ്റവും ഉത്തമം. ഏഴ് ദിവസത്തിൽ കൂടുതൽ ആയാൽ മറ്റൊരാൾക്ക് കൂടി രോഗം പകർന്നെന്ന് കണക്കാക്കേണ്ടി വരും. വേവികാത്ത പന്നിയിറച്ചിയിൽ നിന്ന് രോഗം പകരാം. എന്നാൽ പന്നിയിറച്ചി പാചകം ചെയ്ത് ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്ന് രോഗം പകരില്ല. പന്നിയുടെ ശരീരത്തിലുള്ള മൂട്ടകളും രോഗവാഹകരാണ്. വായുവിലൂടെയും ഉമീനീരിലൂടെയുമാണ് രോഗം പകരാൻ സാധ്യതയേറെുള്ളത്.
പനി ബാധിച്ചവർ ശ്രദ്ധിക്കേണ്ടത്
കൈകൾ വൃത്തിയായി കഴുകി സൂക്ഷിക്കണം
നന്നായി ഉറങ്ങുക
വെള്ളവും പോഷക ഭക്ഷണവും ധാരാളം കഴിക്കുക
കണ്ണിലും മൂക്കിലും വായിലും തൊട്ടിട്ട് മറ്റുള്ളവരെ തൊടാതിരിക്കുക
മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക
കുട്ടികൾക്കും ഗർഭിണികൾക്കും അടിയന്തര ചികിത്സാ നൽകണം
ലക്ഷണങ്ങൾ
പനി, ശരീര വേദന, തലവേദന, തൊണ്ട വേദന, ചുമ, ശ്വസന തടസം, ഛർദി
ആന്റീവൈറസായ ഒസെൾട്ടാമിവിർ ആണ് പ്രതിരോധ മരുന്ന്.
"സ്വയം ചികിത്സ നൽകാതെ പനി വന്നാൽ എത്രയും വേഗം ഡോക്ടറെ സമീപിക്കണം. ഇത് മറ്റൊരാളെ രോഗം പകരുന്നതിൽ നിന്ന് രക്ഷിക്കും."
ആരോഗ്യ വകുപ്പ് അധികൃതർ