കൊടുമൺ : കൊയ്യാൻ പാകമായ നെൽപ്പാടത്ത് കാട്ടുപന്നിയിറങ്ങി നെൽക്കൃഷി നശിപ്പിച്ചു. കൊടുമൺ പുലി പ്രയിൽ രാമചന്ദ്രൻ നായരുടെ 50 സെന്റിൽ വരുന്ന പാടശേഖരത്തെ നെല്ലാണ് കഴിഞ്ഞ ദിവസം പന്നികൾ കൂട്ടമായി എത്തി നശിപ്പിച്ചത്. കർഷകന് വലിയ നാശമാണ് നേരിട്ടിരിക്കുന്നത്. നിരന്തരമായ പന്നി ശല്യം കാരണം കൊടുമൺ പഞ്ചായത്തിൽ നിരവധി കർഷകരാണ് കൃഷി ഉപേക്ഷിച്ചത്.കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തായി കാണുന്ന ഏഴ് ഏക്കറോളം വരുന്ന കൃഷിയിടത്തിലാണ് കാട്ടുപന്നിയാക്രമണം രൂക്ഷമായിരിക്കുന്നത്.സന്ധ്യ കഴിഞ്ഞാൽ ഈ ഭാഗത്ത് കൂടി കാൽനടയാത്രക്കാർ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. പന്നിയാക്രമണത്തെ നേരിടാനുള്ള മാർഗങ്ങൾ ഒന്നും തന്നെ ഫലപ്രദമാകുന്നില്ല.തുണികൾ വലിച്ച് കെട്ടിയും കേടായ ട്യൂബുകളും, ഉപയോഗ്യശൂന്യമായ കുപ്പികളും കെട്ടി തൂക്കിയുമൊക്കെയാണ് കർഷകർ പ്രതിരോധിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും തകരഷീറ്റുകൾ വിതരണം ചെയ്തെങ്കിലും പലകർഷകർക്കും ഇത് കിട്ടിയിട്ടില്ലെന്നും പരാതികളുണ്ട്.