ശബരിമല: മകരവിളക്ക് കാലത്തെ പ്രധാന ചടങ്ങുകളായ പമ്പവിളക്കും പമ്പാസദ്യയും 14 ന് നടക്കും. എരുമേലിയിൽ പേട്ടതുള്ളിയെത്തുന്ന തീർത്ഥാടക സംഘങ്ങൾ കരിമല താണ്ടി പമ്പയിലെത്തി പമ്പാ സദ്യയുണ്ട് പമ്പവിളക്കിന് ശേഷമാണ് മകരവിളക്കിന് മലകയറുന്നത്. പമ്പയിലെത്തുന്ന സംഘങ്ങളിലെ എല്ലാവരും ചേർന്ന് ഗുരുസ്വാമിയുടെ നിർദേശപ്രകാരം സദ്യവട്ടങ്ങൾ ആലോചിക്കും. 14 ന് രാവിലെ എല്ലാവരും ചേർന്നാണ് സദ്യ ഒരുക്കുന്നത്. പാചകം പൂർത്തിയായി നിലവിളക്ക് കൊളുത്തി ആദ്യം അയ്യപ്പസ്വാമിക്ക് വിളമ്പും.പിന്നെയാണ് ഭക്തർ കഴിക്കുക. അന്ന് വൈകിട്ടാണ് പമ്പവിളക്ക്. ഈറയും, കാട്ടുകമ്പുകളും, വാഴപ്പോളയും ചേർത്ത് കെട്ടിയുണ്ടാക്കിയ സ്തൂപങ്ങളുടെ രൂപത്തിലുള്ള വിളക്കുമാടങ്ങളിൽ മൺചെരാതുകളിൽ വിളക്ക് തെളിച്ച് ശിരസിലേന്തി ആടിപ്പാടി നൃത്തംചവിട്ടിയാണ് ഭക്തർ ഇവ ന ദിയിലൊഴുക്കുന്നത്. അന്ന് സന്ധ്യയ്ക്ക് ദീപപ്രഭയിൽ പമ്പ മനോഹരമാകും. അയ്യപ്പൻ മഹിഷിയെ നിഗ്രഹിച്ചതിന്റെ സ്മരണ പുതുക്കൽ ചടങ്ങായാണ് പമ്പ വിളക്ക് നടത്തുന്നത്. പമ്പാ സദ്യയിൽ അയ്യപ്പസ്വാമി പങ്കെടുക്കുന്നുവെന്നാണ് വിശ്വാസം.