ഇലവുംതിട്ട: അശരണർക്ക് കൈത്താങ്ങാകുന്ന 'സ്നേഹപൂർവം' പദ്ധതി വിപുലമാക്കി ഇലവുംതിട്ട ജനമൈത്രി പൊലീസ്. സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യങ്ങൾ എല്ലാ മാസവും വീട്ടിൽ നേരിട്ടെത്തിക്കുന്ന പദ്ധതിയാണിത്. എസ്.എച്ച്.ഒ ടി.കെ വിനോദ് കൃഷ്ണന്റെ മേൽനോട്ടത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ, ആർ.പ്രശാന്ത് എന്നിവർ നേതൃത്വം നൽകുന്ന ഹൗസ് കാമ്പയിനിലൂടെയാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ നാല് മാസമായി സ്ഥിരമായി നൽകി വരുന്നവർക്ക് പുറമേ കിടപ്പുരോഗികളായ ദാസൻ, ഊന്നുകൽ കുറ്റിക്കാട്ട് കിഴക്കേക്കര സുനിൽ കുമാർ എന്നിവർക്കും സഹായം നൽകിത്തുടങ്ങി. ഇലവുംതിട്ട എസ് എച്ച് ഒ ടി.കെ വിനോദ് കൃഷ്ണൻ, എസ് ഐ ടി.പി ശശികുമാർ , ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ, ആർ പ്രശാന്ത്, എസ് ശ്രീജിത്ത്, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി