കോഴഞ്ചേരി : സ്‌നേഹതീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ 20 വരെയുള്ള ദിവസങ്ങളിൽ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന കോഴഞ്ചേരി കാർണിവലിന് ഇന്ന് തുടക്കം. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 3ന് വണ്ടിപ്പേട്ടയിൽ നിന്നും താളമേളങ്ങളുടെ അകമ്പടിയോടുകൂടി വിളംബര ഘോഷയാത്ര ആരംഭിക്കും.ആറന്മുള സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.സന്തോഷ് കുമാർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ബുള്ളറ്റ് റൈഡേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ 20 അംഗ ബുള്ളറ്റ് ടീം ഘോഷയാത്രയെ അനുഗമിക്കും. മാന്ത്രികൻ സർക്കാരിന്റെ കണ്ണുമൂടികെട്ടിയുള്ള ടൂവീലർ പ്രകടനം,വഞ്ചിപ്പാട്ട്,ശിങ്കാരിമേളം,ബാൻഡ്‌സെറ്റ്,എന്നിവ ഘോഷയാത്രയോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു.ഘോഷയാത്ര കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതോടെ കാർണിവലിന്റെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും.ട്രസ്റ്റ് പ്രസിഡന്റ് ഷാജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും.എം.എൽ.എമാരായ രാജു ഏബ്രഹാം,വീണാ ജോർജ്ജ്, ചിറ്റയം ഗോപകുമാർ,ജെനീഷ് കുമാർ,മാത്യു ടി.തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് ഷാജി മാത്യു, സെക്രട്ടറി ചന്ദ്രശേഖരകുറുപ്പ്, ജനറൽ കൺവീനർ ഷാജി ജോർജ്ജ് എന്നിവർ അറിയിച്ചു.