പന്തളം: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. തിരുവാഭരണ ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പന്തളം വലിയ കോയിക്കൽ ശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും. സന്നിധാനത്തും നിലയ്ക്കൽ ബേസ് ക്യാമ്പിലും പമ്പയിലും ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പൊലീസ്, ആരോഗ്യം, ഗതാഗതം തുടങ്ങിയ വകുപ്പുകളുടെയും പന്തളം മുനിസിപ്പാലിറ്റിയുടെയും സേവനങ്ങൾ യോഗം വിലയിരുത്തി. പന്തളം കൊട്ടാരം നിർവാഹക സംഘത്തിന്റെയും തിരുവാഭരണം വഹിക്കുന്ന ഗുരുസ്വാമിയുടെയും ആവശ്യങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാർ, അഡ്വ.കെ.എസ് രവി, പന്തളം നഗരസഭാദ്ധ്യക്ഷ ടി.കെ സതി, ശബരിമല എ.ഡി.എം: എൻ.എസ്.കെ ഉമേഷ്, അടൂർ ആർ.ഡി.ഒ: പി.ടി എബ്രഹാം, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ആർ.ബീനാ റാണി, അടൂർ ഡിവൈ.എസ്.പി ജവാഹർ ജനാർദ്ദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ, പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാരവർമ്മ, പന്തളം കൊട്ടാരം നിർവാഹക സമിതി അംഗങ്ങളായ പി.എൻ നാരായണവർമ്മ, പ്രദീപ് കുമാർ വർമ്മ, പന്തളം മുനിസിപ്പൽ വൈസ് ചെയർമാൻ, ആർ ജയൻ, കൗൺസിലർ കെ.ആർ രവി, അസി. ദേവസ്വം കമ്മീഷണർ ജി.മുരളീധരൻപിള്ള, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ.എസ് ഉണ്ണി, ഉപദേശക സമിതി പ്രസിഡന്റ് പൃഥ്വീപാൽ തുടങ്ങിയവർ പങ്കെടുത്തു.