തിരുവല്ല: മാരാമൺ കൺവെൻഷന്റെ 125ാമത് മഹായോഗം ഫെബ്രുവരി 9മുതൽ 16വരെ മാരാമൺ മണൽപ്പുറത്ത് നടക്കും. മണൽപ്പുറത്തേക്കുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നു. 9ന് 2.30ന് സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. 1895ൽ ആരംഭിച്ച മാരാമൺ കൺവെൻഷൻ ഒന്നേകാൽനൂറ്റാണ്ട് പൂർത്തിയാക്കി 2020ൽ ശതോത്തര രജതജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നു.10മുതൽ 15വരെ രാവിലെ 10നും രണ്ടിനും വൈകിട്ട് അഞ്ചിനും നടക്കുന്ന പൊതുയോഗങ്ങൾക്കു പുറമെ രാവിലെ 7.30മുതൽ 8.30വരെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി ബൈബിൾ ക്ലാസുകളും കുട്ടികളുടെ പ്രത്യേകയോഗവും നടക്കും.12ന് രാവിലെ 0ന് എക്യുമെനിക്കൽ സമ്മേളനവും ഉച്ചയ്ക്ക് 2ന് ബോധവൽക്കരണ സമ്മേളനവും വൈകിട്ട് 4ന് മദ്യവർജ്ജനസമിതിയുടെ യോഗവുമുണ്ട്. കൺവെൻഷൻ നഗറിൽ ശുദ്ധജലം ലഭ്യമാക്കാനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കാനും റോഡുകളുടെ അറ്റകുറ്റപണികൾ നടത്താനും വിവിധ കേന്ദ്രസംസ്ഥാന സർക്കാർ വകുപ്പുകൾ ആവശ്യമായ ക്രമീകരണം ചെയ്യുന്നു. കെ.എസ്.ആർ.ടി.സി. വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രത്യേകം ബസ് സർവീസ് ക്രമീകരിക്കും.പൊലീസ്,അഗ്‌നിശമനസേന,ആരോഗ്യം,ടെലികോം,വൈദ്യുതി തുടങ്ങിയ വകുപ്പുകളും കൺവെൻഷൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതായും ജനറൽസെക്രട്ടറി റവ.ജോർജ് ഏബ്രഹാം കൊറ്റനാട്,ലേഖക സെക്രട്ടറി സി.വി.വറുഗീസ്,സഞ്ചാര സെക്രട്ടറി റവ.സാമുവേൽ സന്തോഷം എസ്,ട്രഷറാർ അനിൽ മാരാമൺ, മീഡിയകമ്മിറ്റി കൺവീനർമാരായ ഡോ.എബി തോമസ് വാരിക്കാട്,പി.കെ.കുരുവിള, മാനേജിംഗ് കമ്മിറ്റിഅംഗങ്ങളായ പി.പി.അച്ചൻകുഞ്ഞ്,ഡോ.ജോർജ് മാത്യു, ജോസ് പി.വയയ്ക്കൽ,സജി എം.ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


ആദ്യമായി വനിതാ ആർച്ച് ബിഷപ്പ് കൺവെൻഷനിൽ


മാരാമൺ കൺവെൻഷന്റെ ചരിത്രത്തിൽ ആദ്യമായി ഓസ്‌ട്രേലിയയിൽ നിന്നുള്ള വനിതാ ആർച്ച് ബിഷപ്പ് കെയ് മാരി ഗോഡ്‌സ്‌വർത്തി പ്രഭാഷണം നടത്തും.മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ഡിനോ ഗബ്രിയേൽ (സൗത്ത് ആഫ്രിക്ക),റവ.ഡോ.മോണോദീപ് ഡാനിയേൽ (ഡൽഹി),റവ.ഡോ.ജോൺ സാമുവേൽ(ചെന്നൈ) എന്നിവരും മുഖ്യപ്രസംഗകരാണ്.


ഹരിതചട്ടം പാലിക്കും


ജനലക്ഷങ്ങൾ പങ്കെടുക്കുന്ന കൺവെൻഷനിൽ യാതൊരുവിധ പ്രകൃതി മലിനീകരണവും സംഭവിക്കാത്തവിധത്തിൽ ഹരിത നിയമാവലി പാലിക്കും. പമ്പാനദിയും മണൽതിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളിൽ കൺവെൻഷൻ സംഘാടകരും പ്രാദേശിക ഭരണകൂടവും ഒത്തുചേരും.സുവിശേഷ പ്രസംഗ സംഘമാണ് കൺവെൻഷൻ ക്രമീകരിക്കുന്നത്.