കോന്നി :അവശനിലയിൽ കഴിയുന്ന കോന്നി അനത്താവളത്തിലെ കുട്ടിക്കൊമ്പൻ പിഞ്ചുവിന് വിദഗ്ദ്ധ ചികിത്സ തുടങ്ങി. മന്ത്രി കെ.രാജുവിന്റെയും കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെയും നിർദ്ദേശ പ്രകാരം ചീഫ് ഫോറസ്​റ്റ് വെ​റ്റിനറി ഓഫീസർ ഡോ.ഈശ്വർ, ഡോ.പി.അജിത് എന്നിവരുൾപെടുന്ന സംഘമാണ് പിഞ്ചുവിനെ ചികിത്സിക്കുന്നത്. ഹെർപ്പിസ് രോഗത്തിന് പിന്നാലെ കാലിലെ നീര് കൂടിയതാണ് പിഞ്ചുവിന്റെ ആരോഗ്യ സ്ഥിതി വീണ്ടും വഷളായത്. ഹെർപ്പിസ് വൈറസിനെ അതിജീവിച്ച് പിഞ്ചു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നത് അടുത്തിടെയാണ്. സാധാരണ ആനകളെ അപേക്ഷിച്ച് ഇടതുകാലിൽ രണ്ട് നഖങ്ങൾ അധികമാണ് പിഞ്ചുവിന്. ഇത് മൂലം നടക്കുമ്പോൾ ഉണ്ടാകുന്ന വേദനയാണ് ഇടതുകാലിന് കടുത്ത വേദനയും നീരും ഉണ്ടാക്കുന്നതെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇടതുകാലിന് വേദന അധികമായതോടെ വലുതുകാൽ മാത്രംനിലത്തുറപ്പിച്ചത് മൂലം ഈ കാലിലേക്കും നീര് ബാധിക്കുകയായിരുന്നു. ക്ഷീണാവസ്ഥ കാരണം ആഴ്ച്ചകളായി ആന ഉറങ്ങിയിട്ടില്ല. ടെലി

വെ​റ്റിനറി ടെലി യൂണി​റ്റ് ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ചികിത്സ തുടങ്ങിയിരിക്കുന്നത്. ചെറിയ കുളം നിർമ്മിച്ച് ജല ചികിത്സയ്ക്കും നീക്കമുണ്ട്. മൂന്നരവയസുകാരനായ പിഞ്ചു 2016ൽ അച്ചൻകോവിൽ വനമേഖലയിലെ കടമ്പുപാറയിൽ നിന്ന് കൂട്ടം തെ​റ്റിയാണ് വനംവകുപ്പിന് ലഭിച്ചത്. 2017ൽ പിഞ്ചുവിന് ഹെർപിസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയും വനംവകുപ്പിന്റെ മികച്ച ചികിത്സയും സംരക്ഷണവും കൊണ്ട് ആനകുട്ടി രക്ഷപെടുകയുമായിരുന്നു. പിന്നാലെയാണ് കാലിലെ നീര് വീണ്ടും പിഞ്ചുവിനെ വേട്ടയാടിയത്.