തിരുവല്ല: മതാടിസ്ഥാനത്തിൽ വിവേചനപരമായി നിയമനിർമ്മാണം നടത്തുന്നതും ഏതെങ്കിലും വിഭാഗത്തെ ഒറ്റപ്പെടുത്തുവാൻ ശ്രമിക്കുന്നതും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും അപ്രകാരമുള്ള നീക്കങ്ങളെ എതിർക്കേണ്ടത് ഭാരതത്തെ സ്‌നേഹിക്കുന്ന ഓരോ പൗരന്റെയും കടമയാണെന്നും കേരളാ കൗൺസിൽ ഒഫ് ചർച്ചസ് (കെ.സി.സി) പ്രസിഡന്റ് ബിഷപ്പ് ഡോ.ഉമ്മൻ ജോർജ് പറഞ്ഞു.കെ.സി.സി.യുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടന്ന മതേതരത്വ സഹിഷ്ണതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വമാണ് ഇന്ത്യയുടെ ആത്മാവെന്നും അതിന് ഏൽക്കുന്ന മുറിവുകൾ ലോക സമൂഹത്തിന് മുന്നിൽ ഭാരതത്തിനു കളങ്കം ചാർത്തുമെന്നും അതിനാൽ ഇന്ത്യയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുവാൻ ഓരോ ഇന്ത്യക്കാരനും മുൻപോട്ടു വരണമെന്നും ബിഷപ്പ് ഓർമിപ്പിച്ചു.കെ.സി.സി.ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി.തോമസ് അദ്ധ്യക്ഷത വഹിച്ചു.അബ്ദുൾ സമീഹ് മൗലവി,ഗാന്ധി ദർശൻ വേദി നിയോജകമണ്ഡലം പ്രസിഡന്റ് ടി.പി.ഹരി,റവ.ജോസ് പുനമഠം,റവ.രാജു പി.ജോർജ്ജ്, ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.