തിരുവല്ല: പുതുവർഷ പുലരിയിൽ നഗരത്തിലെ തട്ടുകടയിൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൂടി പൊലീസിന്റെ പിടിയിലായി. തിരുവൻവണ്ടൂർ വില്ലേജിൽ നന്നാട് ഉണ്ടടിച്ചിറ വീട്ടിൽ സിദ്ധു സി ദാസ് (25), കുറ്റപ്പുഴ കോട്ടത്തോട് പാറയിൽ വീട്ടിൽ വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണുവിനെ ഒളിവിൽ കഴിഞ്ഞിരുന്ന കുറ്റൂർ വൃന്ദാവൻ കോളനിയിൽ നിന്നും സിദ്ധുവിനെ മുളക്കുഴയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കുറ്റപ്പുഴ ഇടത്തിട്ട പൈനുമൂട്ടിൽ മലയിൽ കമറുദ്ദീ (21) നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കേസിൽ ഉൾപ്പെട്ട കുന്നന്താനം അമ്പലപ്പറമ്പിൽ അജിത്ത് (19 ), കുറ്റൂർ അരുണാഭവനിൽ അരുൺ (24 ) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടുപേർ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ.സന്തോഷ് പറഞ്ഞു. സബ് ഇൻസ്‌പെക്ടർ എം.ആർ. സുരേഷ്, എ.എസ്.ഐ പി.കെ.രാജൻ, പൊലീസ് ഉദ്യോഗസ്ഥരായ പി.ജി. സന്തോഷ്‌കുമാർ, മനോജ്‌ കുമാർ, കെ.രാജേഷ് കുമാർ, സജിത്‌രാജ്, നിഷാന്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.