പന്തളം: പുതിയ ഊർജ ഉൽപാദന മേഖല ലക്ഷ്യമിടുകയാണ് സംസ്ഥാന സർക്കാരെന്ന് മന്ത്രി എം എം മണി പറഞ്ഞു. പന്തളം തെക്കേക്കര പഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിച്ച വൈദ്യുതി സെക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വൈദ്യുതി തടസമില്ലാതെ എത്തിക്കാൻ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കിക്കുന്നതിൽ കെഎസ്ഇബി വിജയിച്ചു വരുന്നു. ഇപ്പോൾ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. ചെറുകിട വൈദ്യുത പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തുക, ഇടുക്കിയിൽ രണ്ടാമത്തെ പവർസ്‌​റ്റേഷൻ സ്ഥാപിക്കുക, 1000 മെഗാവാട്ട് സൗരോർജം ഉൽപാദിപ്പിക്കുക എന്നിവയാണിത്. കേരളത്തിൽ പോയ വർഷങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളിൽ വകുപ്പിന് വൻ നഷ്ടമുണ്ടായിട്ടും യുദ്ധകാലാടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കി. ഇന്ത്യയിലാദ്യമായി സമ്പൂർണ വൈദ്യുതീകരണമെന്ന നേട്ടം പ്രവർത്തിയിൽ നേടിയ സംസ്ഥാനമായി കേരളം മാറിയതിൽ സർക്കാരിനും വൈദ്യുതി വകുപ്പിനും നാടിനും അഭിമാനിക്കാമെന്ന് എം എം മണി പറഞ്ഞു. ചിറ്റയം ഗോപകുമാർ എംഎൽഎ അദ്ധ്യക്ഷനായി. ചീഫ് എൻജിനീയർ എസ് രാജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. വി ശിവദാസൻ, ടി മുരുകേശ്, രേഖ അനിൽ, പി കെ കുമാരൻ, എസ് ജയന്തി കുമാരി, എൻ വേണുഗോപാൽ, ബിന്ദു എസ് പിള്ള , എൻ വിലാസിനി, ജി രാധാമണി, സി രാഗേഷ്, ജി ബൈജു, ബി പ്രസാദ്കുമാർ, അടൂർ ആനന്ദൻ, മുണ്ടയ്ക്കൽ ശ്രീകുമാർ, എ കെ വിജയൻ, സണ്ണി ജോൺ എന്നിവർ സംസാരിച്ചു.