പത്തനംതിട്ട : ഇന്നലെ പൂച്ച മാന്തി ജനറൽ ആശുപത്രിയിലെത്തിയ ഒരു പെൺകുട്ടിയെ വിഷബാധയ്ക്കുള്ള പ്രതിരോധ മരുന്ന് നൽകുന്നതിന് മുൻപ് നടത്തിയ ടെസ്റ്റിൽ അലർജിയായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. ഇ.ആർ.ഐ.ജി മാതൃക പരിശോധന നടത്തിയപ്പോഴാണ് കൈ നീരുവച്ചത്. ഭൂരിഭാഗം പേർക്കും ഇങ്ങനെ സംഭവിക്കാറില്ല. എന്നാൽ അതിന് ശേഷം എച്ച്.ആർ.എ.ജി എടുക്കാൻ ഡോക്ടർ നിർദേശിച്ചു. ഇതിനായാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചത്. അല്പം ചെലവ് വരുന്ന ഇൻജക്ഷൻ ആയതിനാൽ എച്ച്.ആർ.എ.ജി ജില്ലയിലെ ആശുപത്രിയിലെങ്ങും ഇതില്ല. സാധാരണക്കാരനോട് എച്ച്.ആർ.ഇ.ജി എടുക്കണം എന്ന് പറഞ്ഞാൽ കൈമലർത്താനെ പറ്റൂ.
പൂച്ചയ്ക്ക് പേ വിഷ ബാധയ്ക്കുള്ള പ്രതിരോധ വാക്സിനെടുക്കുന്നത് അപൂർവമാണെന്ന് ഡോക്ടർമാർ പറയുന്നു. നായകൾക്ക് പ്രതിരോധ കുത്തിവെയ്പ്പുകൾ നിരന്തരം നടത്താറുണ്ടെങ്കിലും പൂച്ചകൾ ഒഴിവാക്കപ്പെടുകയാണ്. ജില്ലയിൽ ദിവസവും പൂച്ച കടിച്ചതും മാന്തിയതുമായ ഇരുപതിലധികം കേസുകൾ ഉണ്ടാകാറുണ്ട്. ഇത് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നവരുടെ കണക്കാണ്. നാട്ടിൻ പുറങ്ങളിൽ ആരും അറിയാതെ പോകുന്നത് ഇതിലേറെയാണ്. നായകളെ പോലെ തന്നെ അപകടകാരിയാണ് പൂച്ചയും. എന്നാൽ പലരും പൂച്ചകൾക്ക് വാക്സിൻ നൽകാറില്ല.
ഇ.ആർ.ഐ.ജിയും എച്ച്.ആർ.ഇ.ജിയും
എക്വിൻ റാബീസ് ഇമ്യുണോഗ്ലോബുലിൻ എന്ന ഇ.ആർ.ഐ.ജി കുതിരകളിൽ നിന്നും ഹ്യൂമൻ റാബീസ് ഇമ്യുണോഗ്ലോബുലിൻ മനുഷ്യനിൽ നിന്നുമാണ് നിർമ്മിക്കപ്പെടുന്നത്. ഇവ രണ്ടിലും റാബീസ് വൈറസിനെതിരെയുള്ള ആന്റി ബോഡികൾ ഉണ്ട്. ഇ.ആർ.ഐ.ജി എല്ലാ ആശുപത്രികളിലും ലഭ്യമാണ്. എന്നാൽ എച്ച്.ആർ.ഇ.ജി ചില പ്രത്യേക ആശുപത്രികളിൽ മാത്രമേ സൂക്ഷിച്ചു വയ്ക്കാറുള്ളു. ചെലവേറിയതാണ് എന്നതാണ് പ്രധാന കാരണം.
"പൂച്ചയ്ക്കും കൃത്യമായി വാക്സിൻ എടുക്കണം. നാട്ടിൻപുറങ്ങളിൽ കൃത്യമായി പൂച്ചകൾക്ക് വാക്സിനെടുക്കുന്നവർ ഉണ്ടോയെന്ന് സംശയമാണ്. പൂച്ചയെ ഇതിനായി മെരുക്കിയെടുത്ത് കൊണ്ട് വരാനും ബുദ്ധുമുട്ടാണ്. എളുപ്പം ഇടപെടുന്ന മൃഗമല്ല പൂച്ച. അല്ലെങ്കിൽ ചെറുതിൽ മുതൽ വീട്ടുകാർ അങ്ങനെ വളർത്തി കൊണ്ടുവരണം. "
ഡോ. മാത്യു
വെറ്ററിനറി ഡോക്ടർ
പൂച്ചയുടെ കടിയേറ്റവർ
ഈ മാസത്തെ റിപ്പോർട്ട് (ജനുവരി)
തീയതിയും രോഗികളുടെ എണ്ണവും
1 - 19
2 - 25
3 - 27
4 - 20
6 - 13
7 - 25
8 - 13
9 - 29
പൂച്ച കടിച്ചാൽ
മുറിവ് ശുദ്ധജലം ഉപയോഗിച്ച് നന്നായി കഴുകണം. അണുനാശിനി ഉപയോഗിക്കണം.
രക്തം വരുന്നുണ്ടെങ്കിൽ വൃത്തിയുള്ള തുണി ഉപയോഗിച്ച് കെട്ടിവയ്ക്കാം. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കടിയേറ്റയാളെ ആശുപത്രിയിൽ എത്തിക്കണം.
പൂച്ച ആക്രമകാരിയാണോയെന്നും
റാബീസ് ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കണം. ഏകദേശം നായയുടെ സമാന ലക്ഷണങ്ങൾ തന്നെയാണ്
പൂച്ചയും പ്രകടിപ്പിക്കുക.