തിരുവല്ല: പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാന പാതയോരത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളി. തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ കടപ്ര ഗവ. യു.പി സ്‌കൂളിന് സമീപമാണ് പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. വ്യാപാര കേന്ദ്രങ്ങളിൽ നിന്നുള്ള ചാക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ രാത്രിയിൽ ഇവിടെ ഉപേക്ഷിക്കുകയായിരുന്നു. വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചശേഷമുള്ള കവറുകളും ഇതിലുണ്ട്. തിരക്കേറിയ റോഡിന്റെ വശങ്ങളിലായി കുമിഞ്ഞുകിടക്കുന്ന മാലിന്യം ഇനിയും നീക്കം ചെയ്തിട്ടില്ല. കടപ്ര പഞ്ചായത്തിലെ 15 -ാം വാർഡിലാണ് സംഭവം.
കഴിഞ്ഞ കുറെ നാളായി പഞ്ചായത്തിൽ പ്ലാസ്റ്റിക് ശേഖരണം നടക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതുകാരണം വ്യാപാരികളും ഹോട്ടൽ അധികൃതരും മറ്റും പ്രതിസന്ധിയിലാണ്. ശേഖരിച്ചു വച്ചിട്ടും എടുത്തുകൊണ്ടുപോകാൻ ആരും എത്താതിരുന്നതിനെ തുടർന്ന് ഏതോ കച്ചവടക്കാർ വഴിയരുകിൽ ഉപേക്ഷിതാണെന്ന് സംശയിക്കുന്നു. മറ്റിടങ്ങളിൽ നിന്ന് വാഹനത്തിലെത്തി ഇവിടെ പ്ലാസ്റ്റിക് മാലിന്യം തള്ളിയതാണെന്നും ആക്ഷേപമുണ്ട്.
കടപ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരണം കാര്യക്ഷമമാക്കണം. ഇരുളിന്റെ മറവിലെത്തുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്താൻ പൊലീസ് പട്രോളിംഗ് ശക്തമാക്കണം.
കടപ്ര വിജിലൻസ് കൗൺസിൽ