പത്തനംതിട്ട: ജില്ലാ ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്‌നസ് അസോസിയേഷൻ ചാമ്പ്യൻഷിപ്പ് ഇന്നും സംസ്ഥാനതല സബ് ജൂനിയർ, ജൂനിയർ, മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പുകൾ നാളെയും തിരുവല്ല മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും.
മത്സരാർത്ഥികൾ രാവിലെ 11ന് ഹാജരാകും. തുടർന്ന് വിവിധ വിഭാഗങ്ങളായി ഇവരെ തിരിക്കും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ നിർവഹിക്കും. അസോസിയേഷൻ പ്രസിഡന്റ് ബാബു ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. മുൻ മിസ്റ്റർ ഇന്ത്യയും അർജുന അവാർഡ് ജേതാവുമായ ടി.വി.പോളി, മുൻ മിസ്റ്റർ ഇന്ത്യ ആനന്ദൻ, മുൻ മിസ്റ്റർ ഇന്ത്യ വി.എം. ബഷീർ തുടങ്ങിയവർ മുഖ്യാതിഥികളാകും.
സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്‌റ്റേഴ്‌സ് വിഭാഗങ്ങളിലായി മത്സരങ്ങൾ വൈകിട്ട് 5ന് ആരംഭിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 500ൽ പരം മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ സമ്മാനദാനം നിർവഹിക്കും.
സംസ്ഥാനതല ചാമ്പ്യൻഷിപ്പുകൾ നാളെ മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും വിവിധ കാറ്റഗറികളിൽ വിജയികളായവർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബാബു ചെറിയാൻ, ചെയർമാൻ അനീഷ് കുന്നപ്പുഴ, സെക്രട്ടറി ലിജു വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.