അയിരൂർ: കഥകളി സമ്പൂർണകലയും യൂറോപ്യൻ ആധുനിക തിയേറ്ററുകൾക്ക് മാതൃകയുമാണെന്ന് ന്യൂയോർക്കിലുള്ള തിയേറ്റർ ഗവേഷകനായ സേത് പവ്വേഴ്‌സ് പറഞ്ഞു. കഥകളി മേളയോട് അനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര കഥകളി സെമിനാറിൽ ഡേവിഡ് ബോളണ്ട് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആർ. അച്യുതൻ പിള്ള അനുസ്മരണ പ്രഭാഷണം ഭവനനിർമ്മാണ ബോർഡ് ചെയർമാൻ പി. പ്രസാദ് നടത്തി. വരേണ്യതയുടെ നവഭാവുകത്വം എന്ന വിഷയത്തിൽ വി. കലാധരൻ പ്രഭാഷണം നടത്തി. രാജു ഏബ്രഹാം എം. എൽ. എ സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഡോ. ജോസ് പാറക്കടവിൽ അദ്ധ്യക്ഷം വഹിച്ചു. ഡോ. ജിജു വി ജേക്കബ്, ദിലീപ് അയിരൂർ, ബി. കെ. തഥാഗത് എന്നിവർ പ്രസംഗിച്ചു.
കഥകളി മേളയിൽ ഇന്ന് രാവിലെ 10 മുതൽ നടക്കുന്ന ക്ലാസിക്കൽ കലാമത്സരങ്ങൾ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. അയിരൂർ നാട്യഭാരതി കഥകളി സെന്റർ അസി. ഡയറക്ടർ എൻ. ആർ. ശിവദാസ് അദ്ധ്യക്ഷത വഹിക്കും. കെ. എൻ. സി. ബോസ്, ദിനിൽ ദിവാകർ എന്നിവർ പ്രസംഗിക്കും. വൈകിട്ട് 6.30 ന് തുടങ്ങുന്ന കഥകളി സന്ധ്യയ്ക്ക് എ. ഒ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ആട്ടവിളക്ക് തെളിക്കും.