പത്തനംതിട്ട : അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിലൂടെയും നൂതന ചികിത്സകളും ശസ്ത്രക്രിയകളും വിജയകരമായി നടത്തിയും ശ്രദ്ധനേടിയ അടൂർ ജനറൽ ആശുപത്രിയെ തകർക്കാൻ നീക്കം നടക്കുന്നതായി ആക്ഷേപം. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ മികച്ച പദ്ധതികളാണ് അടൂർ ജനറലാശുപത്രിയിൽ നടപ്പാക്കി വരുന്നത്.
അതിസങ്കീർണ്ണമായതും സ്വകാര്യാശുപത്രികളിൽ വളരെ ചെലവേറിയതുമായ അനേകം സർജറികൾ ചുരുങ്ങിയ ചെലവിൽ ജനറലാശുപത്രിയിൽ നടത്തിവന്നിരുന്നത് സാധാരണക്കാരായ രോഗികൾക്ക് ഏറെ സഹായകമായിരുന്നു. പരിമിതമായ സൗകര്യങ്ങളിലൂടെയാണ് ഡോക്ടർമാരും സ്റ്റാഫുകളും ഈ സേവനങ്ങളൊക്കെ നൽകി വരുന്നത്.
എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ജനറൽ ആശുപത്രിയെ തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെ അനേകം വ്യാജപ്രചാരണങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും നടന്നു വരുകയാണ്.
ഡോക്ടർമാരെ അസഭ്യം പറയുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ തുടരുകയാണ്. മൂന്ന് ദിവസം മുമ്പ് അത്യാഹിത വിഭാഗത്തിൽ അക്രമം നടത്തുകയും വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറുകയും ചെയ്ത വ്യക്തിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഡോക്ടർമാരെയും ജീവനക്കാരെയും മാനസികമായി തളർത്തി ആശുപത്രിയെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
നടപടികൾ ഉണ്ടാകണം
കേരള സർക്കാരിന്റെ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ നേതൃത്വം ദുഷ്പ്രചരണങ്ങളിലും ആക്രമണങ്ങളിലും ശക്തമായി അപലപിച്ചു. ഇത്തരം പ്രവണതകൾ തടയുന്നതിന് ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ജില്ലാ പ്രസിഡന്റ് ഡോ.രേഷ്മ കണ്ണനും ജില്ലാ സെക്രട്ടറി ഡോ.പ്രവീൺകുമാറും ആവശ്യപ്പെട്ടു.