
പത്തനംതിട്ട : വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച വിദ്യാർത്ഥിനിയെ ജനമൈത്രി പൊലീസ് അഭിനന്ദിച്ചു. ചെറുകോൽപ്പുഴ തിച്ചിനാട് വീട്ടിൽ മധുകുമാർ പത്മകുമാരി ദമ്പതികളുടെ മകൾ പാർവതിയാണ് രക്ഷാപ്രവർത്തകയായത്. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ എം.എ മലയാളം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്
കാട്ടൂർ എൻ.എസ്.എസ്. ഹൈസ്‌കൂളിന്റ പുറകുവശത്ത് നിന്ന് ശബ്ദംകേട്ട് പാർവതി അമ്മയ്ക്കൊപ്പം നടത്തിയ പരിശോധനയിലാണ് അവശനായി കിടന്ന യുവാവിനെ കണ്ടത്. സംഭവസ്ഥലത്തെ വീട്ടിൽ സഹായം അപേക്ഷിച്ചെങ്കിലും നൽകാൻ തയ്യാറായില്ല . തുടർന്ന് പാർവതി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനമൈത്രി പൊലീസ് ഓഫീസർമാരായ അജിത്ത് 'സുൽഫിഖാൻ എന്നിവർ പാർവ്വതിയുടെ വീട്ടിലെത്തി അഭിനന്ദിച്ചു.