പത്തനംതിട്ട : സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നലുകൾ പണി മുടക്കുന്നത് പതിവാകുന്നു.ആഴ്ചചയിൽ ഒരുതവണയെങ്കിലും സിഗ്നൽ ലൈറ്റുകൾ തകരാറിലായിരിക്കുമെന്നതാണ് ഇവിടുത്തെ ഇപ്പോഴത്തെ സ്ഥിതി. ഇന്നലെ രാവിലെ മുതൽ സിഗ്നലുകൾ തകരാറിലായിരുന്നു. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായി. വാഹനങ്ങൾ തോന്നിയ പടി പോകാൻ തുടങ്ങിയതോടെയാണ് ഇത് സംഭവിച്ചത്. എന്നാൽ ഉച്ചയ്ക്ക് ശേഷം തകരാർ പരിഹരിച്ചിരുന്നു. ഒരാഴ്ചയിൽ രണ്ട് അപകടമെങ്കിലും നടക്കുന്ന സ്ഥലമാണിത്.കഴിഞ്ഞ ദിവസം കാറും ബസും ഓട്ടോയും തമ്മിൽ കൂട്ടി ഇടിച്ചിരുന്നു.നിയന്ത്രിക്കാൻ ട്രാഫിക് പൊലീസുണ്ടെങ്കിലും സിഗ്‌നൽ ഇല്ലെങ്കിൽ ഡ്രൈവർമാർ തോന്നിയപോലെ കയറി പോകും.നാല് വശത്തു നിന്നും ഒരു പോലെ വാഹനങ്ങൾ കടന്നു പോകുന്ന സ്ഥലമാണിത്. കാൽനടയാത്രകാർക്ക് റോഡ് മുറിച്ചു കടക്കാൻ കഴിയാത്ത വിധം റെഡ് ലൈറ്റുകൾ മാത്രമാണ് പലപ്പോഴും കത്തുന്നത്.കെൽട്രോണിനാണ് സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കാനുള്ള ചുമതല.അബാൻ ജംഗ്ഷനിലും ഇത് തന്നെയാണവസ്ഥ. നഗരസഭ സ്ഥാപിച്ച ട്രാഫിക് സിഗ്നലും നിരന്തരം കേടാവുകയാണ്.നട്ടുച്ച വെയിലത്ത് ട്രാഫിക് പൊലീസ് നിയന്ത്രിക്കുന്നുണ്ടെങ്കിലും ചിലർ ഇത് കാര്യമാക്കാതെ കടന്നു പോകും.ടൗണിലേക്ക് പ്രവേശിക്കുന്ന ആദ്യത്തെ സിഗ്നലാണ് ഇവരണ്ടും. ഒന്ന് തിരുവല്ല,അടൂർ ഭാഗത്ത് നിന്നും മറ്റൊന്ന് പുനലൂർ ഭാഗത്ത് നിന്നും.ദീർഘ ദൂര ബസുകൾ അടക്കം സർവീസ് നടത്തുന്ന സ്ഥലമാണിത്.
പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ല.
മകരവിളക്ക് അടുത്തതോടെ ശബരിമലയിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആയിരകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നു പോകുന്നത്.ഇതിൽ പലവാഹനങ്ങളും അപകടത്തിൽപ്പെടാറുമുണ്ട്. നിരവധി പേർ അപകടത്തിൽ മരിക്കുന്നുമുണ്ട്.എന്നിട്ടും പ്രധാന സ്ഥലങ്ങളിലെ സിഗ്നൽ ലൈറ്റുകൾ തുടർച്ചയായി കേടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ല.
"അടിക്കടിയുണ്ടാകുന്ന സിഗ്നൽത്തകരാർ ശ്വാസ്വത പരിഹാരം കാണും. കെൽട്രോണിനെ വിവരം അറിയിച്ചിട്ടുണ്ട്.
(ട്രാഫിക് എസ്.ഐ)
"അധികൃതർക്ക് ഒരു ആവശ്യവും ഇല്ലാത്ത രീതിയിലാണ് ഇതിനെ കാണുന്നത്. ഇപ്പോൾ ശബരിമല സീസൺ കൂടിയാണ്. പമ്പാ ബസുകളും തീർത്ഥാടകരുടെ വാഹനങ്ങളും ഉണ്ട്.എന്നിട്ടും അനാസ്ഥ തുടരുന്നത് ശരിയല്ല. പാവപ്പെട്ട ജനങ്ങളുടെ ജീവനാണ് നഷ്ടപ്പെടുന്നത്. "
സൈമൺ
(ഓട്ടോ ഡ്രൈവർ)