ശബരിമല: മണ്ണിടിച്ചിൽ സാദ്ധ്യത കണക്കിലെടുത്ത് മകരജ്യോതി ദർശനം നടത്തുന്നതിന് തീർത്ഥാടകർ പമ്പയിലെ ഹിൽടോപ്പിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു. ഹിൽടോപ്പിൽ മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്ന ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെയും ശബരിമല അഡീഷണൽ ജില്ലാ മജിസ്‌​ട്രേട്ട് എൻ.എസ്‌.​കെ ഉമേഷിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ പി.ബി.നൂഹിന്റെ നിരോധന ഉത്തരവ്.
തീർത്ഥാടകർ ഹിൽടോപ്പിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് ദേവസ്വം ബോർഡ് അടിയന്തരമായി ബാരിക്കേഡുകൾ നിർമിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ആവശ്യമായ പൊലീസുകാരെ നിയോഗിക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ശബരിമല അഡീഷണൽ ജില്ലാ മജിസ്‌​ട്രേട്ട് ഏകോപിപ്പിക്കും.
2018 ഓഗസ്റ്റിലെ പ്രളയത്തെ തുടർന്ന് പമ്പയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇതേ തുടർന്ന് പമ്പയിൽ പ്രവർത്തിച്ചിരുന്ന ബേസ് ക്യാമ്പ് സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടൽ നടത്തി ഫലപ്രദമായി നിലയ്ക്കലേക്കു മാറ്റിയിരുന്നു. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ കഴിഞ്ഞ വർഷവും മകരജ്യോതി ദർശിക്കുന്നതിന് തീർത്ഥാടകർ ഹിൽടോപ്പിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു.