പത്തനംതിട്ട : ഇട്ടിയപ്പാറകിടങ്ങാമ്മൂഴി റോഡിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ഐത്തല ജംഗ്ഷനിൽ മന്ത്രി ജി.സുധാകരൻ നിർവഹിക്കും.രാജു ഏബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.പ്രളയ നാശനഷ്ട അറ്റകുറ്റപ്പണി പദ്ധതിയിൽ ഉൾപ്പെടുത്തി 5.25 കോടി രൂപായ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതാണ് ഇട്ടിയപ്പാറ കിടങ്ങാമ്മൂഴി റോഡ്.കരിങ്കുറ്റിയിൽ കൺസ്ട്രക്ഷൻ എന്ന കമ്പനിയാണ് 5.37 കോടി രൂപായ്ക്ക് കരാർ ഏറ്റെടുത്തിട്ടുള്ളത്.എട്ടു മാസമാണ് പൂർത്തീകരണ കാലാവധി. റാന്നി ടൗണിനെ ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ റോഡാണ് ഇട്ടിയപ്പാറ കിടങ്ങാമ്മൂഴി റോഡ്. നവീകരണം പൂർത്തിയാകുന്നതോടുകൂടി റാന്നി ഇട്ടിയപ്പാറയിൽ നിന്നും വടശേരിക്കരയിലേക്കും തിരികെ വടശേരിക്കരയിൽ നിന്നും റാന്നിയിലേക്കും വളരെ എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയും.