അടൂർ : ജില്ലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കുട്ടികളെ വശീകരിച്ച് ലഹരിക്ക് അടിമകളാക്കുന്ന സംഘത്തെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.അടൂരിന് സമീപമുള്ള ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയെ കഞ്ചാവ് ഉപയോഗിപ്പിച്ച ശേഷം മദ്യപിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏഴംകുളം സുബിൻ ഭവനിൽ വിപിനെ (27) ജില്ലാ ആന്റി നർക്കോട്ടിക് ഫോഴ്സ് പിടികൂടിയിരുന്നു.സ്കൂളിന് സമീപത്തുള്ള വഴിയരികിൽ വിദ്യാർത്ഥിയെ സ്കൂട്ടറിൽ കയറ്റികൊണ്ടുപോയി കഞ്ചാവ് കൊടുത്ത ശേഷം കുട്ടിയുമായി കറങ്ങി നടക്കുകയും പിന്നീട് മദ്യംകൊടുക്കുകയായിരുന്നു. പിന്നീട് പോത്രാട് ഭാഗത്ത് നിന്ന് ആന്റി നർക്കോട്ടിക് സംഘത്തിന്റെ പിടിയിലായി.വിദ്യാർത്ഥി സ്കൂൾ യൂണിഫോമിലായതാണ് സംശയം വർദ്ധിപ്പിച്ചത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കുട്ടികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളിൽ ഒരാളാണ് പിടിയിലായ വിപിൻ.ഇയാളിൽ നിന്നു ലഭിച്ച വിവരം അനുസരിച്ച് ഈ സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസും നർക്കോട്ടിക് വിഭാഗവും ഊർജിതമാക്കി.പറക്കോട്‌.ഏഴംകുളം,പട്ടാഴി മുക്ക് ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് വിപിൻ കഞ്ചാവ് കൊടുക്കുന്നതായും പത്തനാപുരത്തു നിന്നുമാണ് ഇയാൾക്ക് കഞ്ചാവ് ലഭിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.ജോസ്,നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ ആന്റി നർക്കോട്ടിക് ആക്ക്ഷൻ ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അന്വേഷണം ശക്തമാക്കും.