കോന്നി: നാരായണപുരം മാർക്കറ്റിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. വ്യാപാരി ​വ്യവസായി നേതാക്കളുടെ അഭ്യർത്ഥനയെ തുടർന്ന് മാർക്കറ്റിൽ സന്ദർശനം നടത്തുകയായിരുന്നു എം.എൽഎ.
കന്നുകാലി ചന്തയും വാഴക്കുല ചന്തയും ഉൾപ്പടെ നടന്നിരുന്ന വലിയ കച്ചവടകേന്ദ്രമായിരുന്നു ഒരു കാലത്ത് കോന്നി മാർക്കറ്റ്.
അശാസ്ത്രീയമായ നിരവധി നിർമ്മാണ പ്രവർത്തനങ്ങളാണ് മാർക്കറ്റ് സന്ദർശനത്തിനിടെ കാണാൻ കഴിഞ്ഞത്. വ്യാപാരത്തിന് മതിയായ സൗകര്യമില്ല. ശുചിമുറികൾ പൂട്ടിയിട്ട നിലയിലും വൃത്തിഹീനവുമാണ്. ആധുനിക മത്സ്യ മാർക്കറ്റ് എന്ന പേരിൽ നിർമ്മാണം നടന്നിട്ടുണ്ടെ ങ്കിലും ശാസ്ത്രീയമല്ല. പച്ചക്കറി, ​മത്സ്യ​ മാംസ വ്യാപാരം ശാസ്ത്രീയമായി നടത്താൻ ആവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെടുമെന്ന് എം.എൽ.എ പറഞ്ഞു. മെയിൻ റോഡിനോടു ചേർന്നുള്ള ട്രഷറി പ്രവർത്തിച്ചിരുന്ന കെട്ടിടം ദുർബലമായതിനാൽ അടിയന്തരമായി പൊളിച്ചു മാറ്റേണ്ടതുണ്ട്. മാലിന്യ സംസ്‌കരണത്തിന് കൂടുതൽ ശാസ്ത്രീയ സൗകര്യം ഒരുക്കണം. ക്ലീൻ കേരള മിഷനുമായി ബന്ധപ്പെട്ട് കൂടുതൽ പദ്ധതികൾ രൂപീകരിക്കണം. മാർക്കറ്റിന്റെ വികസനത്തിന് പഞ്ചായത്ത് ഭരണസമിതിക്കൊപ്പം നിന്ന് എല്ലാ സഹായവും നല്കുമെന്നും എം.എൽ.എ പറഞ്ഞു
മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്യാംലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൗദാമിനി, തുളസിമോഹൻ, എം.ഒ.ലൈല, സി.പി.എം നേതാക്കളായ ടി.രാജേഷ് കുമാർ, കെ.ജി.ഉദയകുമാർ, വ്യാപാരി വ്യവസായി നേതാവ് സന്തോഷ്​ എന്നിവരും പങ്കെടുത്തു.