തിരുവല്ല: ജാതിമതവ്യത്യാസമില്ലാതെ എല്ലാവരെയും ഒരുമിപ്പിക്കുന്നതാണ് ഹൈന്ദവധർമ്മമെന്നു സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. കവിയൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേശീയ താത്പര്യത്തിന് ഹിതമായി ചിന്തിക്കുന്ന സമൂഹത്തിന് മാത്രമേ സ്വാഭിമാന ഭാരതം സൃഷ്ടിക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. സാംസ്ക്കാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും തിരുവിതാംകൂർ ദേവസ്വംബോർഡ് മെമ്പർ അഡ്വ.കെ.എസ്.രവി നിർവഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജെ.പ്രമീളാദേവി, പഞ്ചായത്തംഗം കെ.ടി.രാജേഷ്‌കുമാർ, അസി. ദേവസ്വം കമ്മിഷണർ കെ.ആർ.ശ്രീലത, സബ്ഗ്രൂപ്പ് ഓഫീസർ ദാമോദരനുണ്ണി, കെ.സലിം എന്നിവർ പ്രസംഗിച്ചു.നാലാം ഉത്സവദിനമായ ഇന്ന് വൈകിട്ട് അഞ്ചിന് കവിയൂർ ശിവരാമയ്യർ ഫൗണ്ടേഷന്റെ അക്ഷരശ്ലോകസദസ്, 6.30ന് സംഗീതകച്ചേരി, നാളെ രാത്രി എട്ടിന് കഥപ്രസംഗം,14ന് രാത്രി എട്ടിന് ഗാനാർച്ചന, 15ന് രാവിലെ 11ന് ആലപ്പുഴ ഗോപകുമാറിന്റെ ഓട്ടൻതുള്ളൽ,രണ്ടിന് ഉത്സവബലിദർശനം, ഏഴിന് സേവ, 10.30ന് കഥകളി, 16ന് രാത്രി 10.30ന് സംഗീതസദസ്, 17ന് വൈകിട്ട് 5.30ന് വേലകളി, ഏഴിന് സേവ,ദീപക്കാഴ്ച,10.30ന് ഭക്തിഗാനമേള,രണ്ടിന് പള്ളിവേട്ടയെഴുന്നള്ളത്ത്,18ന് ഒരുമണിക്ക്‌ ആറാട്ടുസദ്യ കണ്ഠര് രാജീവര് ഉദ്ഘാടനം ചെയ്യും.ആറിന് നാഗസ്വരക്കച്ചേരി,എട്ടിന് നാമഘോഷലഹരി,11ന് നൃത്തനാടകം രണ്ടിന് ആറാട്ടുവരവ്. രണ്ടാം ഉത്സവം മുതൽ ആറാം ഉത്സവം വരെ നാലിന് കോട്ടൂർ,പടിഞ്ഞാറ്റുംചേരി, ആഞ്ഞിലിത്താനം,കല്ലൂപ്പാറ,തോട്ടഭാഗം,കുന്നന്താനം കരകളിലേക്ക് ഊരുവലത്ത് പുറപ്പെടും.