പത്തനംതിട്ട : കുട്ടികളിൽ ശാസ്ത്രീയ ആരോഗ്യ അവബോധം ഉണ്ടാക്കുക, നവമാദ്ധ്യമങ്ങളിലെ അശാസ്ത്രീയമായ പ്രചാരണങ്ങൾ തിരിച്ചറിയുവാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി കേരള ഗവ.മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) സംസ്ഥാന വ്യാപകമായി നടത്തുന്ന അമൃതകിരണം മെഡി ഐക്യു ക്വിസ്സിന്റെ ജില്ലാ തല മത്സരങ്ങൾ നടന്നു.
പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിലെ ഗൗരി കൃഷ്ണ,ലക്ഷ്മി ദിലീപ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുന്നന്താനം എൻ.എസ്.എസ്.എച്ച്.എസ്.എസ് സ്‌കൂളിലെ അരവിന്ദ്.വി , ശ്രീരാഗ് കെ.എസ് എന്നിവർക്ക് രണ്ടാം സ്ഥാനവും മൈലപ്ര സേക്രഡ് ഹാർട്ട് സ്‌കൂളിലെ ജിതിൻ വി.ഉണ്ണിത്താൻ , സിറിൽ ജ്യോതിസ് ജോയ് എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും ട്രോഫിയും ക്വിസ് മാസ്റ്റർ ഡോക്ടർ പ്രശാന്ത് വിതരണം ചെയ്തു.
ഡോ. പ്രവീൺ ,ഡോ. ജിനു, ഡോ. രേഷ്മ എന്നിവർ സംസാരിച്ചു.
വിജയികൾക്ക് അടുത്തമാസം രണ്ടിന് കൊല്ലത്ത് കെ.ജി.എം.ഒ എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും. സംസ്ഥാന തല മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് 20000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ലഭിക്കും.