uthaman
മരണമടഞ്ഞ ഉത്തമൻ

അടൂർ: മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ മദ്ധ്യവയസ്കൻ കുത്തേറ്റ് മരിച്ചു. പഴകുളം തെങ്ങുംതാര ചരുവിൽ പടിഞ്ഞാറ്റതിൽ നാരായണന്റെ മകൻ ഉത്തമൻ (48) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കോലമല ഷിബു ഭവനിൽ ഷിബു (37) വിനെ അറസ്റ്റുചെയ്തു. ഇന്നലെ പുലർച്ചയോടെയാണ് സംഭവം.

പൊലീസ് പറയുന്നത്- ഉത്തമനും മറ്റൊരു സുഹൃത്തായ മുകളുവിള വടക്കേതിൽ ആനന്ദനും ചേർന്ന് ആദ്യം ആനന്ദന്റെ വീട്ടിൽ വച്ചാണ് മദ്യപിച്ചത്. തുടർന്ന് ഇരുവരും കൂടി ഷിബുവിന്റെ വീട്ടിലെത്തി. അവിടെ വച്ച് രാത്രി 12 വരെ മദ്യപിച്ചു. പിന്നീട് ആനന്ദൻ വീട്ടിലേക്ക് മടങ്ങി. ഷിബുവിന്റെ ഭാര്യയെക്കുറിച്ച് ഉത്തമൻ മോശമായി പരാമർശിച്ചതാണ് വാക്കേറ്റത്തിന് കാരണം. ഷിബു ഉത്തമനെ അടിച്ച് താഴെയിട്ടശേഷം സ്റ്റീൽ കത്തി കൊണ്ട് കുത്തുകയായിരുന്നു. വയറിന്റെ ഇടതുഭാഗത്ത് അഴത്തിലേറ്റ മുറിവിലൂടെ രക്തം ചീറ്റി കൂടൽ പുറത്തുചാടി. മരണവെപ്രാളം കാട്ടിയ ഉത്തമന്റെ ശരീരത്ത് തൈലം പുരട്ടിയെങ്കിലും മരിച്ചെന്ന് മനസിലാക്കിയതോടെ ഷിബു ആനന്ദന്റെ വീട്ടിലെത്തി ഉത്തമന് സുഖമില്ലെന്ന് പറഞ്ഞു. ആനന്ദന്റെ മാതാവ് ഷിബുവിന്റെ വീട്ടിൽ എത്തിയപ്പോൾ മരിച്ചു കിടക്കുന്ന ഉത്തമനെയാണ് കണ്ടത്. വിവരം അറിഞ്ഞെത്തിയ പൊലീസ് ഷിബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. .കുത്താൻ ഉപയോഗിച്ച കത്തി സമീപത്തെ പുരയിടത്തിൽ നിന്ന് കണ്ടെത്തി. ഡി.വൈ. എസ്.പി ജവഹർ ജനാർദ്ദ് , സ്റ്റേഷൻ ഹൗസ് ഓഫീസർ യു. ബിജു, എസ്. ഐ മാരായ അനൂപ്, സുരേന്ദ്രൻ പിള്ള , അനിൽകുമാർ, ഷാജഹാൻ, എ.എസ്. ഐ മാരായ ബിജു, കെ.ബി. അജി, സി.പി. ഒ മാരായ ദിലീപ്, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ് ഉത്തമൻ.