ശബരിമല : തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്രവാദ സാന്നിദ്ധ്യമുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്ത സാഹചര്യവും കളിയിക്കാവിള സംഭവവും കണക്കിലെടുത്ത് ശബരിമലയിൽ സുരക്ഷ ശക്തമാക്കി. ഇന്നു മുതൽ സന്നിധാനത്തും പരിസരത്തുമുള്ള പ്രധാന പോയിന്റുകളിൽ വിവിധ സേനാ വിഭാഗങ്ങളെ വിന്യസിക്കും. എരുമേലി, പുല്ലുമേട് എന്നീ കാനനപാതകളിലും സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. സന്നിധാനത്തേക്ക് എത്തിപ്പെടാൻ കഴിയുന്ന കാട്ടുവഴികളിലും അതീവജാഗ്രത പുലർത്തണമെന്ന നിർദ്ദേശം തണ്ടർബോൾട്ട് അടക്കമുള്ള കമാൻഡോ വിംഗിന് നൽകിക്കഴിഞ്ഞു. സുരക്ഷാ ക്യാമറകളുടെ പ്രവർത്തനവും നിരീക്ഷണവും ഉറപ്പാക്കും. തീർത്ഥാടകർക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത തരത്തിലുള്ള സേനാ വിന്യാസമാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രസേനകളും
കേരള പൊലീസിനെ കൂടാതെ കേന്ദ്രസേനകളായ എൻ.ഡി.ആർ.എഫ്, ആർ.എ.എഫ്, ബ്ലാക്ക് ക്യാറ്റ് കമാൻഡോസ്, തണ്ടർ ബോൾട്ട് , സ്പെഷ്യൽ ബ്രാഞ്ചിന്റെ ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് എന്നീ സേനാവിഭാഗങ്ങളാണ് സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കുന്നത്. സന്നിധാനം,പാണ്ടിത്താവളം, ബെയ്ലി പാലം, മരക്കൂട്ടം, ശരംകുത്തി, വലിയ നടപ്പന്തൽ, പമ്പ ശരണ പാത, തുടങ്ങിയ ഇടങ്ങൾ ശക്തമായ നീരീക്ഷണ വലയിത്തിലാക്കും .
സന്നിധാനത്തോട് ചേർന്നു കിടക്കുന്ന വനഭാഗങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കി.
ജെ. ജയദേവ്
ജില്ലാ പൊലീസ് മേധാവി