ശബരിമല: മകരവിളക്കിന് രണ്ടുദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജ്യോതിദർശിക്കുന്നതിനായി ശബരിമലയിലെത്തുന്ന തീർത്ഥാടകർ പർണശാലകൾ കെട്ടിത്തുടങ്ങി. ചെറിയ ചുള്ളിക്കമ്പുകളും പച്ചിലകളും കാട്ടുവള്ളികളും കൊണ്ടാണ് പർണശാലകൾ നിർമിക്കുന്നത്. 15ന് സന്ധ്യയോടെ പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി കാണാൻ നിരവധി ഭക്തരാണ് സന്നിധാനത്തും സൗകര്യമുള്ള പരിസരപ്രദേശങ്ങളിലും തിങ്ങിനിറയുന്നത്. പർണശാലകൾ കെട്ടി അവിടെ വിശ്രമിക്കുന്ന തീർത്ഥാടകർ മകരജ്യോതി ദർശന പുണ്യം നേടിയേ ഇനി മലയിറങ്ങൂ. മകരജ്യോതിക്ക് മികച്ച ദർശന സൗകര്യം ലഭിക്കുന്ന പാണ്ടിത്താവളം, കൊപ്രക്കളത്തിന് മുൻവശം എന്നിവിടങ്ങളിലാണ് കൂടുതലായി പർണശാലകൾ ഉയരുന്നത്. കൂടാതെ സന്നിധാനത്ത് വാവര് നട, അപ്പം, അരവണ കൗണ്ടറിന് സമീപം,അന്നദാന മണ്ഡപം, ഇൻസിനറേറ്റർ, മരക്കൂട്ടം, ശരംകുത്തി, പമ്പയിലെ യു.ടേൺ തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഭക്തർ ദർശന സൗകര്യം കണക്കിലെടുത്ത് സ്ഥാനം പിടിച്ചുതുടങ്ങി. ഇവിടങ്ങളിലെല്ലാം ദേവസ്വംബോർഡ് ഭക്തരുടെ സുരക്ഷ മുൻനിറുത്തി ബാരിക്കേഡുകൾ നിർമിച്ചിട്ടുണ്ട്. കൂടാതെ കെ.എസ്.ഇ.ബി വെളിച്ചത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പാചകം അരുതെന്ന് ദേവസ്വം ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. തീപിടിത്തം ഒഴിവാക്കാനാണിത്.