ശബരിമല: മകരവിളക്ക് പ്രമാണിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി സന്നിധാനത്തും പരിസരത്തും ഇന്ന് കൂടുതൽ പൊലീസുകാർ ചുമതലയേൽക്കും. 200 ഓളം പൊലീസുകാരെയാണ് പുതുതായി നിയോഗിക്കുക. രണ്ട് ഡിവൈ.എസ്.പിമാർ, മൂന്നു സി.ഐമാർ, 16 എസ്.ഐമാർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ സന്നിധാനത്ത് 1475 പൊലീസുകാർ ജോലിനോക്കുന്നുണ്ട്. ഇതിൽ 15 ഡിവൈ.എസ്.പി., 36 സി.ഐ,160 എസ്.ഐ, എ.എസ്.ഐമാർ എന്നിവരും സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.70 പേരടങ്ങുന്ന ബോംബ് സ്​ക്വാഡ് സന്നിധാനത്ത് എപ്പോഴും പ്രവർത്തന നിരതമാണ്. പൊലീസ് ടെലികമ്മ്യൂണിക്കേഷനിലും 20 പേരെ നിയോഗിച്ചിട്ടുണ്ട്. കേരള പൊലീസിലെ ക്വീക് റസ്‌​പോൺസ് ടീമും മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെത്തുമെന്ന് സന്നിധാനം സ്‌​പെഷൽ പൊലീസ് ഓഫീസർ എസ്.സുജിത്ത്ദാസ് പറഞ്ഞു. മകരവിളക്ക് കഴിഞ്ഞ ശേഷം തീർത്ഥാടകർ തിരിച്ചിറങ്ങുമ്പോൾ ഉണ്ടാകുന്ന തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പ്രത്യേക പരിഗണനയാണ് നൽകുന്നത്. ബെയ്​ലി പാലം വഴിയും കൊപ്രക്കളത്തിന് മുന്നിലുള്ള റോഡിലൂടെയുമാണ് ഭക്തർ കൂടുതലായി പമ്പയിലേക്ക് പോകാൻ സൗകര്യമൊരുക്കുക. ഇതിനായി കൊപ്രാക്കളത്തിന് മുന്നിലുള്ള റോഡ് ജെ.സി.ബി. ഉപയോഗിച്ച് വൃത്തിയാക്കും.