കോഴഞ്ചേരി: കലി വരുത്തിയ എല്ലാ ആപത്തും ഒഴിഞ്ഞു. സതീരത്നമായ ദമയന്തിയോടൊപ്പം നളൻ വീണ്ടും കൊട്ടാരത്തിൽ പ്രവേശിച്ചു. സരസ്വതീ ദേവി നിശ്ചയിച്ച ശുഭമുഹൂർത്തത്തിൽ നളനെ ചക്രവർത്തിയായി അഭിഷേകം ചെയ്തതോടെ ഏഴു ദിവസമായി ആടിക്കൊണ്ടിരുന്ന നളചരിതം മംഗള നാമത്തോടെ ധനാശിപാടി അവസാനിപ്പിച്ചു. സന്ധ്യാനേരത്ത് പമ്പാ മണൽപ്പുറത്ത് കനകച്ചിലങ്കകളുടെ ധ്വനികളുയർന്നു. കേരളത്തിൽ ഉടലെടുത്ത ക്ലാസിക്ക് കലയായ മോഹിനിയാട്ടത്തിന്റെ ലാസ്യച്ചുവടുകൾ കളിയരങ്ങിനെ വർണാഭമാക്കി. കേരള കലാമണ്ഡലം അയിരൂർ പഠനകേന്ദ്രത്തിൽ കലാമണ്ഡലം രശ്മിയുടെ ശിക്ഷണത്തിൽ 12 കുട്ടികൾ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം നടത്തി. രാവിലെ നടന്ന സമ്മേളനം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറിമാത്യു സാം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പ്രീതാ ബി നായർ അദ്ധ്യക്ഷം വഹിച്ചു. ക്ലബ്ബ് സ്റ്റിയറിംഗ് കമ്മറ്റി അംഗം പി.എസ്. വിജയൻ, സുരേഷ് കണിപറമ്പിൽ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കായി നടത്തിയ കഥകളി പ്രശ്നോത്തരി സലിലാ ഹരികേശ്, എം. ആർ. വേണു, എൻ. ആർ.ശിവദാസ് എന്നിവരും കലാമണ്ഡലം ഹൈദർ അലി സ്മാരക അഖില കേരള പ്രശ്നോത്തരി ജി. ജയറാം ചെറുകോലും നയിച്ചു.
കഥകളിമേളയിൽ ഇന്ന്
രാവിലെ 10.30 മുതൽ നടക്കുന്ന കഥകളി ആസ്വാദന കളരി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കോന്നിയൂർ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
കളിയരങ്ങിൽ ഇന്ന്
ഇരയിമ്മൻ തമ്പിയുടെ ശൃംഗാരപദ ലഹരിയിൽ ഇനി മൂന്നു നാൾ കഥകളിയരങ്ങ് മയങ്ങി നിൽക്കും. ഹരിണാക്ഷീ, മാലിനീരുചിരഗുണ ശാലിനീ തുടങ്ങിയ ശൃംഗാരപ്പദങ്ങൾ ഇന്ന് പമ്പാ തടത്തെ ലഹരി പിടിപ്പിക്കും. കീചകൻ കാമമോഹിതനായി ഭീമഹസ്തങ്ങളിൽ കിടന്ന് പിടഞ്ഞ് മരിക്കുന്ന കീചകവധം കഥകളിയാണ് ഇന്ന് രംഗത്ത്.