പന്തളം: ഇന്ന് ശബരിമലയിലേക്ക് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാൻ ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന് അയ്യപ്പന്മാരാണ് ഇന്നലെ മുതൽ പന്തളത്തെത്തി ക്യാമ്പ് ചെയ്യുന്നത്. ഇതോടെ വലിയകോയിക്കൽ ക്ഷേത്രദർശനത്തിനും തിരുവാഭരണ ദർശനത്തിനും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
പരമ്പരാഗത പാതയിലൂടെ ഘോഷയാത്രയെ അനുഗമിക്കാനാണ് കൊച്ചു കുട്ടികളുൾപ്പെടെയുള്ള അയ്യപ്പന്മാരും മാളികപ്പുറങ്ങളും വ്രതശുദ്ധിയോടെ എത്തിയത്. അതി കഠിനമായ ചൂടിനെയും വകവയ്ക്കാതെ കാൽനടയായാണ് ഇവരെത്തിയത്. പന്തളത്തെ വിവിധ ക്ഷേത്രങ്ങളും സ്ഥലങ്ങളുമാണ് ഇവർ താവളമാക്കിയിരിക്കുന്നത്.

ഗതാഗത നിയന്ത്രണം

പന്തളം: തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നതിനാൽ തിരക്കു പരിഗണിച്ച് പന്തളത്ത് ഇന്ന് ഉച്ചയ്ക്കു 12 മുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. എം.സി റോഡിൽ ചെങ്ങന്നൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കുറുന്തോട്ടയം കവലയിൽ നിന്ന് തിരിഞ്ഞ് തുമ്പമൺ, അമ്പലക്കടവ്, കുളനട വഴിയും അടൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കുളനട ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് അമ്പലക്കടവ്, തുമ്പമൺ വഴി പന്തളം കുറുന്തോട്ടയം ജംഗ്ഷനിലെത്തിയും യാത്രതുടരണം. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷൻ മുതൽ കുളനട വരെ എം.സി റോഡിനിരുവശത്തും വാഹന പാർക്കിംഗ് അനുവദിക്കില്ല. അനധികൃതമായി ഇവിടെ പാർക്കു ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനമുപയോഗിച്ചു പൊലീസ് നീക്കം ചെയ്യും.

ഘോഷയാത്ര കടന്നുപോകുന്നതിങ്ങനെ

പന്തളം: ഉച്ചയ്ക്ക് 1ന് പന്തളം വലിയകോയിക്കൽക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 1.30ന് കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, 2ന് കുളനട ഭഗവതിക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ദർശനത്തിന് തുറക്കും. 2.15ന് കൈപ്പുഴ ഗുരുമന്ദിരം, മുടപ്പന വഴി 2.30ന് ഉള്ളന്നൂർ ദേവീക്ഷേത്രത്തിലെത്തും. 3.15ന് കരിയറപ്പടി, പറയങ്കര, തവിട്ടുപൊയ്ക വഴി 3.30ന് കുറിയാനിപ്പള്ളി ക്ഷേത്രത്തിൽ. തുടർന്ന് തവിട്ടുപൊയ്കയിൽ തിരിച്ചെത്തി കൂടുവെട്ടിക്കൽ വഴി കാവുംപടി ക്ഷേത്രം. 4.30ന് കിടങ്ങന്നൂർ ജംഗ്ഷൻ, 5ന് നാല്ക്കാലിക്കൽ സ്‌കൂൾ ജംഗ്ഷൻ, 5.30ന് ആറന്മുള കിഴക്കേ നട, 5.45ന് പൊന്നുംതോട്ടം ക്ഷേത്രം വഴി 7ന് പാമ്പാടിമൺ ക്ഷേത്രത്തിൽ പേകടം തുറക്കും. 8.30ന് ചെറുകോൽപ്പുഴ ക്ഷേത്രം, 9.30ന് അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി തിരുവാഭരണ പേടകം തുറന്നുവയ്ക്കും; സംഘം വിശ്രമിക്കും.
രാത്രി 2ന് യാത്ര തുടർന്ന് ഇടപ്പാവൂർ, പേരൂർച്ചാൽ, ആഴിക്കൽകുന്ന് വഴി ഇടക്കുളത്തെത്തി തുറക്കും. തുടർന്ന് റാന്നി വൈക്കം വഴി രാവിലെ 8ന് വടശ്ശേരിക്കര ക്ഷേത്രത്തിലെത്തും. 9.30ന് പ്രയാർ ക്ഷേത്രത്തിൽ പേടകം തുറക്കും. തുടർന്ന് മാടമൺ, പൂവത്തുംമൂട് വഴി 11ന് കൊട്ടാര ക്ഷേത്രത്തിലെത്തും. തുടർന്ന് പൂവത്തുംമൂട് കടത്തു കടന്ന് ഉച്ചയ്ക്ക് 2ന് പെരുനാട് ശാസ്താക്ഷേത്രത്തിലെത്തും. 3.30ന് പുറപ്പെട്ട് 5ന് പെരുനാട് രാജേശ്വരി ക്ഷേത്രത്തിൽ എത്തും. 6ന് പുറപ്പെട്ട് തോട്ടം വഴി 8ന് ളാഹ വനംവകുപ്പ് ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കും.
15ന് പുലർച്ചെ 3ന് ളാഹയിൽ നിന്ന് പുറപ്പെട്ട് രാജാംപാറ വഴി 6ന് പ്ലാപ്പള്ളിയിൽ. 7ന് അവിടെ നിന്ന് പുറപ്പെട്ട് 8ന് നാറാണംതോട്ടം. 9ന് നിലയ്ക്കൽ ക്ഷേത്രം. 10.30ന് അട്ടത്തോട്, കൊല്ലംമൂഴി വഴി ആറിന്റെ ഇടത്തേ തീരത്തുകൂടി ഒലിയമ്പുഴ, കുറങ്കയം വഴി ഉച്ചയ്ക്ക് 1ന് വലിയാനവട്ടം (പാണ്ടിത്താവളം). 2.30ന് പുറപ്പെട്ട് ചെറിയാനവട്ടം വഴി നീലിമല കയറി, അപ്പാച്ചിമേട് വഴി 4.30ന് ശബരീപീഠം. 5.30ന് ശരംകുത്തി. 6ന് അവിടെ നിന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

സുരക്ഷാ ക്രമീകരണം
പന്തളം: തിരുവാഭരണ ഘോഷയാത്രയ്ക്ക് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണ കാമറ സ്ഥാപിച്ചു. ജില്ലാ പൊലീസ് മേധാവി.ജി.ജയദേവ്, ഡിവൈ.എസ്.പിമാരായ ആർ.ജോസ്, ജവഹർ ജനാർദ് ,ആർ.സുധാകരൻ പിള്ള, ആർ.പ്രദീപ് കുമാർ, സന്തോഷ് കുമാർ, എന്നിവരുടെ നേതൃത്വത്തിൻ ഏഴ് സി.ഐമാർ, 20 എസ്.ഐമാർ, 26 എ.എസ്.ഐമാർ എന്നിങ്ങനെ മുന്നൂ റോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഘോഷയാത്രയെ പത്തനംതിട്ട എ.ആർ ക്യാമ്പിലെ അസി.കമാണ്ടന്റ് കെ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 75 സായുധ പൊലീസും ബോംബ് സ്‌ക്വാഡും അനുഗമിക്കും.