പത്തനംതിട്ട : ജില്ലയിലെ റോഡുകളിൽ 14നും 15നും ടിപ്പർ ലോറികളുടെയും ഡ്രൈവിംഗ് പരിശീലനം നടത്തുന്ന വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചു. ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള വാഹനബാഹുല്യവും ജനത്തിരക്കും പരിഗണിച്ച് ശബരിമല തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും ജീവനും അവരുടെ വാഹനങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്നതിന് 1988ലെ മേട്ടോർ വാഹന നിയമം വകുപ്പ് 115 പ്രകാരമാണ് നിരോധനം. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയേയും റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറേയും ചുമതലപ്പെടുത്തി.