ship
സെലിബ്രിറ്റി കോൺസ്റ്റലേഷൻ എന്ന ആഢംഭര കപ്പലിന്റെ അകത്തളത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും

അടൂർ: ഭീമാകാരമായ കപ്പലിലെ വിസ്മയ കാഴ്ചകൾ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേറിട്ട അനുഭവമായി.സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയാണ് ദുബയിൽ നിന്നും കൊച്ചിയിലെത്തിയ സെലിബ്രിറ്റി കോൺസ്റ്റലേഷൻ എന്ന ആഡംബര കപ്പലിലെ വിസ്മയ ലോകം കാണുന്നതിന് അവസരമൊരുക്കിയത്. എറണാകുളം വാർഫിലെത്തിയ കുട്ടികളും അദ്ധ്യാപകരും അടങ്ങുന്ന 42 അംഗ സംഘം കർശന സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് കപ്പലിന്റെ അകത്തളത്തിലേക്ക് പ്രവേശിച്ചത്.ഭീമാകാരമായ കപ്പലിന്റെ രൂപം തന്നെ കൗതുകമായിരുന്നു. കപ്പലിനുള്ളിലും സുരക്ഷാ പരിശോധനക്ക് ശേഷമാണ് കടത്തിവിട്ടത്. പിന്നീട് വിശാലമായ 13 നിലകൾ.ഷോപ്പിംഗ് ഏരിയകൾ,മാളുകൾ,ആധുനിക കളിക്കളങ്ങൾ,1000 പേർക്കിരിക്കാവുന്ന തിയേറ്റർ,അതിലെ സ്റ്റേജിന്റെ ആധുനികത,പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള റസ്റ്റോറന്റുകൾ എല്ലാം ദൃശ്യവിസ്മയമൊരുക്കി. വെൽക്കം ഡ്രിങ്ക് നൽകിയായിരുന്നു സംഘത്തെ കപ്പൽ അധികൃതർ സ്വീകരിച്ചത്. കപ്പലിലെ ഗാമാ റൂമിൽ ഷിപ്പിംഗ്,ഹോട്ടൽ മാനേജ്മെന്റ് എന്നീ മേഖലകളിലെ തൊഴിൽ സാദ്ധ്യതയേപ്പറ്റി ക്ലാസെടുത്തു.കപ്പലിന്റെ ക്യാപ്റ്റനും മറ്റു ജീവനക്കാരും സന്തോഷ് ജോസഫും പങ്കെടുത്തു.വിശാലമായ പഞ്ചനക്ഷത്ര റസ്റ്റോറന്റിലെ ഉച്ചഭക്ഷണം എല്ലാ അർത്ഥത്തിലും കുഞ്ഞുങ്ങളും സംഘാംഗങ്ങളും ആസ്വദിച്ചു.കപ്പലിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ അല്പനേരം കളിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.

ആസ്വദിച്ചു, ഒപ്പം കൗതുകവും.....

ലക്ഷങ്ങൾ വിലയുള്ള രത്നാഭരണങ്ങൾ കണ്ടപ്പോൾ മുതിർന്നവർക്കും കൗതുകം.നീന്തൽക്കുളങ്ങളും ആധുനിക ജിംനേഷ്യങ്ങളും മറ്റൊരു ദൃശ്യ വിരുന്നായി.സമ്മാനങ്ങൾ നൽകിയാണ് സംഘത്തെ കപ്പൽ അധികൃതർ യാത്രയാക്കിയത്. കപ്പലിലെ വിവിധ ഫോട്ടോ സെഷനുകളുടെ പ്രിന്റഡ് കോപ്പിയും അവർ നൽകി.സ്കൂളിന്റെയും പൂർവ വിദ്യാർത്ഥി സംഘടനയുടെ ഉപഹാരങ്ങൾ ഗാമാറൂമിൽ വച്ച് കപ്പിത്താനും സന്തോഷ് ജോസഫിനും സമ്മാനിച്ചു.പ്രിൻസിപ്പാൾ സുധാ മധു,എച്ച്. എം സുജാകുമാരി, പഞ്ചായത്തംഗം ഷെല്ലി ബേബി പി.ടി.എ പ്രസിഡന്റ് ജി. കൃഷ്ണകുമാർ , പൂർവവിദ്യാർത്ഥി സംഘടനാ ചെയർമാൻ റോബിൻ ബേബി എന്നിവർ പ്രസംഗിച്ചു. നാലു മണിയോടെ സന്ദർശനം അവസാനിപ്പിച്ച സംഘം ആലപ്പുഴ ബീച്ചും കണ്ട് മടങ്ങി.പൂർവവിദ്യാർത്ഥി സംഘടനാ ചെയർമാൻ റോബിൻ ബേബി,പ്രിസിസിപ്പൽ,സുധാ മധു,ഹെഡ്മിസ് സുജാകുമാരി, വിജയകുമാർ, ജോണിക്കുട്ടി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.

-സന്ദർശനം നടത്തിയത് 42 ആംഗ സംഘം

-13 നിലകൾ.ഷോപ്പിംഗ് ഏരിയകൾ,മാളുകൾ, ആധുനിക കളിക്കളങ്ങൾ,

-1000 പേർക്കിരിക്കാവുന്ന തിയേറ്റർ,