പത്തനംതിട്ട: മതസാഹോദര്യം ഉറപ്പ് വരുത്തുന്ന ഭരണഘടനയെ മറികടക്കാനുളള ശ്രമം രാജ്യത്ത് നിലനിൽക്കുന്നുവെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പുനർനിർമിക്കപ്പെട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പളളിയുടെ ദേവാലയകൂദാശയ്ക്ക് മുന്നോടിയായുളള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഭവന നിർമാണ സഹായം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. വീണാജോർജ് എം.എൽ.എ ചികിത്സാ സഹായം വിതരണം ചെയ്തു. ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത,ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, ഫാ. എം.ഒ.ജോൺ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, നഗരസഭാ ചെയർപേഴ്‌സൺ റോസ് ലിൻ സന്തോഷ്, വികാരി ഫാ. കെ.ജി. മാത്യു മല്ലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് വൈകിട്ട് അഞ്ചിന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് സ്വീകരണഘോഷയാത്ര തുടങ്ങും. 6.30ന് സന്ധ്യാനമസ്‌കാരം. ചൊവ്വാഴ്ച ദേവാലയത്തിന്റെ വിശുദ്ധ മൂറോൻ കൂദാശ.