എരുമേലി: ആയിരങ്ങളുടെ ശരണംവിളികൾക്കിടെ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ എരുമേലിയിൽ പേട്ടകെട്ടി ശബരിമലയ്ക്ക് യാത്രയായി. ആകാശത്ത് വട്ടമിട്ട് പറന്ന ശ്രീകൃഷ്ണപ്പരുന്തും തെളിഞ്ഞ വെള്ളിനക്ഷത്രവും കാലത്തിന് മായ്ക്കാനാവാത്ത അചഞ്ചല ഭക്തിയുടെ നേർസാക്ഷ്യമായി. കൊട്ടും മേളവും കരകാട്ടവുമൊക്കെയായി പേട്ടതുള്ളൽ നാടിനെ ഭക്തിയിലാറാടിച്ചു.
ഇന്നലെ രാവിലെ 11.30ഓടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തിൽ നിന്ന് പേട്ടതുള്ളൽ ആരംഭിച്ചു. കനത്തവെയിലിനെ അവഗണിച്ച് ആയിരങ്ങൾ പങ്കെടുത്തു. പേട്ടതുള്ളിയെത്തിയ സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരെയും സംഘത്തെയും നൈനാർ പള്ളിയിൽ ജമാ അത്ത് പ്രസിഡന്റ് പി.എച്ച്. ഷാജഹാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സ്വർണത്തിടമ്പേറ്റിയ ഗജവീരനൊപ്പം സംഘം നൈനാർ പള്ളിയെ വലംവച്ചു. വാവരുടെ പ്രതിനിധിയായി ജമാ അത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹക്കിം മാടത്താനി സംഘത്തെ അനുഗമിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നോടെ ആകാശത്ത് വെള്ളിനക്ഷത്രം തെളിഞ്ഞപ്പോൾ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളലിന് തുടക്കമായി. സമൂഹപെരിയോൻ അമ്പാടത്ത് എ.കെ. വിജയകുമാറിന്റെ നേതൃത്വത്തിൽ ഭസ്മവും ചന്ദനവും പൂശി കൊച്ചമ്പലത്തിൽ നിന്നിറങ്ങിയ സംഘം ചടുലമായ താളമേളങ്ങളുടെ അകമ്പടിയിൽ പേട്ടക്കവലയിൽ നിന്ന് വലിയമ്പലത്തിലേയ്ക്ക് നീങ്ങി. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവര് സ്വാമി പോകുമെന്നതിനാൽ ആലങ്ങാട് സംഘം നൈനാർ പള്ളിയിൽ കയറിയില്ല.
ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ശ്രീധർമ്മശാസ്താക്ഷേത്രം മേൽശാന്തി എൻ. ജയകൃഷ്ണൻ നമ്പൂതിരി, കീഴ്ശാന്തി ഹരികൃഷ്ണൻ, പേട്ട മേൽശാന്തി തുടങ്ങിയവർ സംഘങ്ങളെ സ്വീകരിക്കാനെത്തി.
ഇരുസംഘങ്ങളും ഞായറാഴ്ച നടക്കുന്ന പമ്പ വിളക്കിൽ പങ്കെടുത്ത ശേഷം മലകയറും.