പത്തനംതിട്ട: എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 464 പാലങ്ങളുടെ നിർമാണം ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. നിർമാണം പൂർത്തിയാക്കിയ പേരൂച്ചാൽ പാലം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലം ഇരുകരകളെയും ജനസമൂഹങ്ങളുടെ ഹൃദയങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ചാലകമായാണ് വർത്തിക്കുന്നത്. ഇതിനോടകം 120 പാലങ്ങൾ നിർമാണം പൂർത്തിയാക്കി തുറന്നു കൊടുത്തു. ഉടൻ 50 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി നാടിനു സമർപ്പിക്കും. ഈ സർക്കാരിന്റെ കാലത്തു തന്നെ 500 പാലങ്ങളുടെ എങ്കിലും നിർമാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ 50 വർഷക്കാലത്ത് നടന്ന നിർമാണത്തേക്കാൾ കൂടുതൽ നിർമാണമാണ് കഴിഞ്ഞ മൂന്നര വർഷമായി കേരളത്തിൽ നടന്നത്. 2500 റോഡുകൾ പുനർ നിർമിച്ചു. രണ്ടായിരത്തിൽ അധികം സർക്കാർ കെട്ടിടങ്ങൾ നിർമിച്ചു.
പാലങ്ങൾ ചട്ടപ്പടി മാത്രമേ നിർമിക്കാൻ പാടുള്ളൂ. ആദ്യം അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുത്തതിനു ശേഷം പാലം നിർമാണം ആരംഭിക്കണം. ചട്ടപ്പടി നിർമിക്കാത്ത 43 പാലങ്ങൾ ആയിരുന്നു എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആകാശത്ത് നിന്നത്. ഇപ്പോൾ ഇവയ്‌​ക്കെല്ലാം അപ്രോച്ച് റോഡ് നിർമിച്ചു. ഉദ്ഘാടനം നടത്തുക എന്ന രാഷ്ട്രീയക്കാരുടെ എടുത്തുചാട്ടവും അതിമോഹവുമാണ് ഇതിനുപിന്നിൽ. ഇതിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു. കേരളത്തിൽ എങ്ങനെയാണ് പൊതുമരാമത്ത് പണികൾ നേരത്തെ നടന്നിരുന്നത് എന്നതിന് തെളിവാണ് പേരൂർച്ചാൽ പാലം നിർമിക്കാൻ 23 വർഷം എടുത്തത്. തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്നതിന് മുമ്പ് പേരൂർച്ചാൽ പാലം തുറന്ന് കൊടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി മന്ത്രി പറഞ്ഞു.
രാജു എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കൃഷ്ണകുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം സൂസൻ അലക്‌​സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം അക്കാമ്മ ജോൺസൺ, അയിരൂർ ഗ്രാമപഞ്ചായത്തംഗം സുലേഖ ചന്ദ്രശേഖരൻ, ചെറുകോൽ ഗ്രാമ പഞ്ചായത്തംഗം മേരി തോമസ്, പി.ആർ.പ്രസാദ്, അഡ്വ. മനോജ് ചരളേൽ, ഫിലിപ്പ് കുരുടാമണ്ണിൽ, വി.പ്രസാദ്, ഹരിപ്രസാദ്, ആലിച്ചൻ ആറൊന്നിൽ, സമദ്‌​മേപ്രത്ത്, സജി ഇടിക്കുള, അൻസാരി മന്ദിരം, വിനോദ് കുമാർ മന്ദിരം, ആർ. അജയകുമാർ, പ്രകാശ് തോമസ്, ഷൈൻ ജി കുറുപ്പ്, പാപ്പച്ചൻ കൊച്ചുമേപ്രത്ത്, കെ.ആർ. ഗോപാലകൃഷ്ണൻ നായർ, സാം കുട്ടി പാലയ്ക്കാമണ്ണിൽ, ബഹനാൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.