പ​ത്ത​നം​തിട്ട : കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മനയമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. റാന്നി​ വെണ്ണിക്കുളം റോഡിന്റെ ഉദ്ഘാടനം തടിയൂർ മാർക്കറ്റ് ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിന് കുറച്ചെങ്കിലും കേന്ദ്ര സഹായം ലഭിച്ചിട്ടുള്ളത് റോഡ് മേഖലയിൽ മാത്രമാണ്. പ്രളയ ധനസഹായം, അതിവേഗ റെയിൽവേ, ദേശീയപാത വികസനം തുടങ്ങിയവയിൽ കേന്ദ്രത്തിന് നിസംഗതയാണ്. പിഡബ്ല്യുഡി റോഡുകളിൽ 98 ശതമാനവും നവീകരണം പൂർത്തിയാക്കിയിട്ടുണ്ട്. റോഡ് നിർമിച്ചാൽ മുപ്പത് വർഷം നിലനിൽക്കുന്നതിനായി ബിഎം ബിസിക്ക് ശേഷം ആറിഞ്ച് വൈറ്റ് കോൺക്രീറ്റ് ഇടുന്നതിനേക്കുറിച്ച് ആലോചിക്കുന്നുണ്ട്. പഞ്ചായത്ത് റോഡുകളാണ് ഇനി വികസിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്നും ആയിരം കോടി രൂപ സംസ്ഥാനത്തെ പഞ്ചായത്ത് റോഡുകൾക്കായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജു ഏബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കൃഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജയൻ പുളിക്കൽ, ടി ടി തോമസ് കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം ജോൺസൻ മാത്യു, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയർ എൽ ബീന, എക്​സിക്യുട്ടീവ് എൻജിനിയർ ആർ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.