പൊൻകുന്നം: ആനക്കയം മൈലാടുംപാറ വീട്ടിൽ എം.സി.ഫിലിപ്പിനെ(35) വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച അർധരാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. കുഴിത്തൊളു ദീപ ഹൈസ്‌കൂൾ അധ്യാപകനായിരുന്നു. എൻ.സി.സി പരിശീലകനുമായിരുന്നു.

ഫിലിപ്പ് താമസിച്ചിരുന്ന വീടിന്റെ നവീകരണജോലികൾ നടന്നുവരികയായിരുന്നു. ഇതേതുടർന്ന് സമീപത്തെ മറ്റൊരു വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഫിലിപ്പും കുടുംബവും. വീടുനിർമ്മാണത്തിന്റെ ഭാഗമായി പഴയവീട്ടിലേക്ക് പോയ ഫിലിപ്പ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പഴയവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബദ്ധത്തിൽ കിണറിനുള്ളിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. കിണർ മൂടിയിരുന്ന വലയുടെ ഒരുഭാഗം മാറിക്കിടക്കുകയായിരുന്നു. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഭാര്യ: സജിനിമോൾ. മകൾ: അലീന(യു.കെ.ജി.വിദ്യാർഥിനി, കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം.സ്‌കൂൾ). കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.