കൊടുമൺ: നല്ല നിയമപാലകർ മാത്രമല്ല നല്ല കർഷകർ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് കൊടുമൺ ജനമൈത്രി പൊലീസ്. കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ പൊലീസ് സ്റ്റേഷൻ വളപ്പിൽ വിഷമില്ലാത്ത പച്ചക്കറികൾ വിളയിച്ചാണ് നിയമപാലകർ കൈയടി നേടിയിരിക്കുന്നത്. സ്ഥാപനങ്ങളിൽ പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 45,000 രൂപ ചെലവഴിച്ചാണ് ഉഷ്ണമേഖല പ്രദേശത്ത് വിളയുന്ന ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ,ക്യാരറ്റ്,വെണ്ട,തക്കാളി, മുളക്,വഴുതന തുടങ്ങിയവ 250 ഗ്രോബാഗുകളിലായി പൊലീസ് സ്റ്റേഷൻ വളപ്പിൽ വിളയിച്ചിരിക്കുന്നത്.ഇതിൽ 25 ഗ്രോബാഗിൽ പരീക്ഷണാർത്ഥം തിരിനന കൃഷിരീതിയും അവലംബിച്ചിട്ടുണ്ട്.സ്‌റ്റേഷന്റെ മട്ടുപാവിലും മുറ്റത്തും ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലത്തുമായുള്ള പരിപാലനം,നനക്കൽ എന്നിവ പൂർണ്ണമായും സ്‌റ്റേഷനിലെ പൊലീസുകാരാണ് ചെയ്തുവരുന്നത്. ഇവർക്ക് മാർഗനിർദ്ദേശവുമായി കൃഷി ഓഫീസർ എസ്.ആദിലയും കൂടെയുണ്ട്.കഴിഞ്ഞ ദിവസം നടന്ന ആദ്യഘട്ടവിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.എസ്.ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ എസ് ആദില,സിഐ എസ്.ശ്രീകുമാർ,എസ്ഐ കെ.ബൈജു,സിവിൽ ഓഫീസർമാരായ അലക്സ്കുട്ടി,ഹരിലാൽ എന്നിവർ പ്രസംഗിച്ചു.വരുന്ന വാരം നടക്കുന്ന പൂർണമായ വിളവെടുപ്പ് ആഘോഷമാക്കുന്നതിനുള്ള തയാറെടുപ്പിലാണ് കൊടുമണ്ണിലെ ജനമൈത്രി പൊലീസ്.