പത്തനംതിട്ട : ജില്ലയിൽ ചൂട് മുപ്പത്തിയാറ് ഡിഗ്രി വരെ കടന്നിരിക്കുന്നു. പകൽ പുറത്തിറങ്ങാനെ കഴിയാത്ത അവസ്ഥയാണ്. അടിസ്ഥാന പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഇതൊടൊപ്പമുണ്ട്. കുടിവെള്ള ക്ഷാമവും രോഗവും പകർച്ചവ്യാധികളുമെല്ലാം ചൂടിനൊപ്പം കൂടുകയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചൂട് ഇതിലും വർദ്ധിക്കാനാണ് സാദ്ധ്യത. കഴിഞ്ഞ ആഴ്ച ഒരു പോളിടെക്നിക്ക് വിദ്യാർത്ഥിയ്ക്ക് സൂര്യാഘാതം ഏറ്റിരുന്നു.

കുടിവെള്ള ക്ഷാമം

മലയോര മേഖലയായ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ചൂട് ഏറ്റവും കൂടുതൽ. ചൂട് കൂടുന്നതോടൊപ്പം ഇവിടെയെല്ലാം കുടിവെള്ള ക്ഷാമവും അതിരൂക്ഷമാണ്. നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ആഴ്ചയിൽ ഒരു ദിവസം എല്ലാ സ്ഥലത്തും വെള്ളമെത്തിയ്ക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. എന്നാൽ പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പലയിടത്തും പാഴാകുന്നു. കിലോ മീറ്ററുകൾ നടന്നാണ് പലരും ശുദ്ധ ജലം ശേഖരിക്കുന്നത്. ടാങ്കറുകളിൽ 500 ലിറ്ററിന് 300 രൂപയും അതിൽ കൂടുതലും നൽകി പുറത്ത് നിന്ന് വെള്ളം വാങ്ങുകയാണ് പലരും.

നഗരത്തിൽ ചുട്ടിപ്പാറ, അഞ്ചക്കാല, പെരിങ്ങമ്മല, ചുരുളിക്കോട്, കരിമ്പനാക്കുഴി എന്നിവിടങ്ങളിലും ജില്ലയിൽ മല്ലപ്പള്ളി, വെണ്ണിക്കുളം, മനയ്ക്കചിറ, തിരുവല്ല, അടൂർ, തലച്ചിറ എന്നിവിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

സൂര്യാഘാതവും താപശരീര ശോഷണവും സൂക്ഷിക്കുക

ഉയർന്ന ശരീര താപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേർത്ത് നാഡിമിടുപ്പ്, തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവയാണ് സൂര്യാഘാതത്തിന്റെ അവസ്ഥ. ശക്തിയായ വിയർപ്പ്, വിളർത്ത ശരീരം, പേശീവലിവ്, ക്ഷീണം, തലകറക്കം, ഓക്കാനം, ഛർദി, ശ്വസന നിരക്ക് വർദ്ധിക്കുക എന്നിവയാണ് താപശരീര ശോഷണത്തിന്റെ ലക്ഷണങ്ങൾ.
ഈ സമയം ധാരാളം വെള്ളം കുടിക്കണം. വെയിലത്ത് കൂടുതൽ സമയം ജോലി ചെയ്യുന്നത് കുറയ്ക്കണം. സ്വയം ചികിത്സ നടത്താതെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായാൽ ഡോക്ടറെ സമീപിക്കണം.