പത്തനംതിട്ട: ജില്ലാ പട്ടയമേള നടക്കുന്ന 23ന് പൊന്തൻപുഴ സമരസമിതി പ്രതിഷേധ ദിനം ആചരിക്കുമെന്ന് പൊന്തൻപുഴ സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . പെരുമ്പെട്ടിയിലെ കർഷകരെ അധികൃതർ വഞ്ചിച്ചതിനെതിരെയാണ് പ്രതിഷേധം. 62 വർഷമായി കർഷകർക്ക് അവകാശം നിഷേധിച്ചിരിക്കുകയാണ്. സംയുക്ത സർവേയിലൂടെ കർഷകരുടെ ഭൂമി വനപരിധിക്ക് പുറത്താണെന്ന് കണ്ടെത്തിയിരുന്നു. 1964ലെ ഭൂമിപതിവ് ചട്ടപ്രകാരം പട്ടയം അനുവദിക്കാമെന്ന് കളക്ടർ മന്ത്രിയെ അറിയിച്ചിരുന്നു . മല്ലപ്പള്ളി തഹസിൽദാർ 512 പട്ടയങ്ങൾ തയ്യാറാക്കിയെങ്കിലും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തടസവാദം ഉന്നയിച്ചു.
ഡിസംബർ 5ന് റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംയുക്ത യോഗത്തിൽ ജനുവരി 5 നകം വനംവകുപ്പ് കേന്ദ്ര അനുമതി ലഭ്യമാക്കണമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ പട്ടയം നൽകുന്നതിന് എതിർപ്പില്ലെന്ന് രേഖാമൂലം വനം വകുപ്പിനെ അറിയിക്കണമെന്നും നിശ്ചയിച്ചതാണ്. ഈ തീരുമാനവും വനംവകുപ്പ് പാലിച്ചില്ല. ഇവിടെ താമസിക്കുന്നവർക്ക് നിയമപ്രകാരം ലഭിക്കേണ്ട പെൻഷൻ ഉൾപ്പെടെ പല ആനുകൂല്യങ്ങളുംലഭിക്കുന്നില്ല. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നഷ്ടമാകുകയാണ്.
പട്ടയം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കോട്ടയം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. രാവിലെ 11 ന് തിരുനക്കര ഗാന്ധി സക്വയറിൽ നിന്ന് മാർച്ച് ആരംഭിക്കും. സി. എസ് .ഡി .എസ് സംസ്ഥാന പ്രസിഡന്റ് കെ. കെ. സുരേഷ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഡെമോക്രാറ്റിക് പാർട്ടി ദേശീയ സെക്രട്ടറി സന്തോഷ് ബെല്ലാരി മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 2 ന് വനംവകുപ്പ് പി. സി. സി. എഫ് ബെന്നിച്ചൻ തോമസിന്റെ പുല്ലാട്ട് കുന്നേലിൽ ഭവനത്തിലേക്ക് കണ്ണീർ ജാഥയും നടത്തും.
വാർത്താസമ്മേളനത്തിൽ സമരസമിതി ജോയിന്റ് കൺവീനർ ജയിംസ് കണ്ണിമല, കൺവീനർ സന്തോഷ് പെരുമ്പെട്ടി , രാധ ശശികുമാർ , ലില്ലിക്കുട്ടി ദാസ്, സുമതിയമ്മ തുടങ്ങിയവർ പങ്കെടുത്തു.