കൊടുമൺ: കാട്ടുപന്നികളുടെ വിഹാര കേന്ദ്രമായ കൊടുമണ്ണിൽ വീണ്ടും പന്നിമൂട്ട ശല്യം. കഴിഞ്ഞ ദിവസം പാണൂർ, പൂഴൂർ ഭാഗങ്ങളിൽ താമസിക്കുന്നവരുടെ ദേഹത്ത് നിന്ന് പന്നിമൂട്ടകളെ പുറത്തെടുത്തു. ദേഹത്ത് അസഹ്യമായ ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പാണൂരിലെ എൺപത്തഞ്ചുകാരിയുടെ കണ്ണിൽ നിന്നാണ് പന്നിമൂട്ടയെ പുറത്തെടുത്തത്. പൂഴൂരിലെ യുവതിയുടെ ചെവിക്കുള്ളിലായിരുന്നു മൂട്ട. അഞ്ചുവയസുളള കുട്ടിയുടെ പൊക്കിളിലും പന്നിമൂട്ടയെ കണ്ടെത്തി.
ജനവാസ മേഖലയിൽ കടക്കുന്ന കാട്ടുപന്നികൾ മണ്ണിൽക്കിടന്ന് ഉരുളുമ്പോഴാണ് മൂട്ടകൾ വീഴുന്നത്. ഇത് മനുഷ്യ ശരീരത്തിൽ കയറുമ്പോഴാണ് ചൊറിച്ചിലും വേദനയും ചൂടും അനുഭവപ്പെടുന്നത്.
കൊടുമൺ അങ്ങാടിക്കൽ, ഒറ്റത്തേക്ക് പ്രദേശങ്ങളിലെ ആളുകളുടെ ശരീരത്തിൽ നിന്ന് കഴിഞ്ഞ ആഴ്ചയിലും പന്നിമൂട്ടയെ പുറത്തെടുത്തിരുന്നു. ഒറ്റനോട്ടത്തിൽ കണ്ടെത്താനാകാത്ത ചെറിയ മൂട്ടകൾ ഇപ്പോൾ വലിയ ഭീഷണിയായിരിക്കുകയാണ്.