മലയാലപ്പുഴ : മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 5ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. പൊങ്കാലയുടെ കൂപ്പൺ വിതരണ ഉദ്ഘാടനം 19 ന് രാവിലെ 10ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു നിർവഹിക്കും. മകരവിളക്ക് ദിവസമായ 15ന് വൈകിട്ട് മുതൽ ക്ഷേത്രത്തിൽ ദേവപ്രശ്‌നവിധിപ്രകാരം ആഴിപൂജ (അഗ്നിക്കാവടി) ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തുന്നതിന് വേണ്ട എല്ലാ ഒരുക്കങ്ങളും ക്ഷേത്ര ഉപദേശകസമിതി ചെയ്തുകഴിഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കൽ മങ്കോട്ടുമൂല ശിങ്കാരവേലൻ കാവടിസംഘം ആശാൻ വിനോദ് സ്വാമിയുടെ നേതൃത്വത്തിലാണ് ആഴിപൂജ നടത്തുന്നത്. തെക്കൻ കേരളത്തിൽ അത്യുപൂർവമായി മാത്രം ക്ഷേത്രങ്ങളിൽ നടത്തുന്ന ചടങ്ങാണിത്. സൽസന്താനലബ്ധി, ധനധാന്യസമൃദ്ധി, കർമ്മദോഷനിവാരണം, ഉദ്യോഗലബ്ധി എന്നിവയ്ക്കും ആഴീപുജ ഏറെ ശ്രേഷ്ഠമാണ്. ആഴിപൂജയോടനുബന്ധിച്ച് വൈകിട്ട് അന്നപ്രസാദ വിതരണവും നടക്കും.