അടൂർ: മകൾ ഉപേക്ഷിച്ച് കിടപ്പാടമില്ലാതെ ബസ് സ്റ്റാൻഡിൽ അവശനിലയിൽ കിടന്ന വയോധികയ്ക്ക് ഗാന്ധിഭവൻ അഭയം നൽകി. കൊട്ടാരക്കര കിഴക്കേക്കര രതി ഭവനിൽ ആനന്ദവല്ലിയമ്മ (83) യെയാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ അവശയായി കിടന്ന ഇവരെ പിങ്ക് പൊലീസാണ് ഗാന്ധിഭവനിൽ എത്തിച്ചത്. ഭർത്താവ് ശിവശങ്കരൻ നായർ 10 വർഷം മുമ്പ് മരിച്ചു. വീടും സ്ഥലവും വിറ്റ് മകളെ വിവാഹം കഴിപ്പിച്ചയച്ചെങ്കിലും ഇപ്പോൾ മകൾ എവിടെയാണെന്ന് അറിയില്ലെന്ന് ആനന്ദവല്ലിയമ്മ പറയുന്നു. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ബാങ്കിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയും മകൾ വാങ്ങിയെന്ന് ഇവർ പറഞ്ഞു. കൊട്ടാരക്കര കിഴക്കേക്കരയിൽ ഒരു വീട്ടിൽ ജോലി ചെയ്താണ് ഇവർ ജീവിച്ചിരുന്നത്. വനിത സെൽ പൊലീസ് ഇൻസ്‌പെക്ടർ എ.പി. സുധർമ്മയുടെ നിർദേശ പ്രകാരം കൊല്ലം റൂറൽ പിങ്ക് പട്രോൾ പൊലീസ് എസ്.ഐ ജി.രമ, പിങ്ക് പൊലീസ് പുനലൂർ എസ്.ഐ സുശീലയമ്മ, എസ്.സി.പി.ഒമാരായ സുനിത ബീഗം, മേരി മോൾ, കെ. അനിത എന്നിവർ ചേർന്നാണ് ഗാന്ധിഭവനിൽ എത്തിച്ചത്.