തിരുവല്ല: കുഴികുത്തിയും വെട്ടിപ്പൊളിച്ചും തകർച്ചയിലാക്കിയ റോഡ് യാത്രക്കാരെ അപകടത്തിലാക്കുന്നു.എം.സി റോഡിനെയും ടി.കെ റോഡിനെയും ബന്ധിപ്പിക്കുന്ന കറ്റോട്-തിരുമൂലപുരം റോഡിലാണ് യാത്രക്കാരുടെ ദുരിതയാത്ര.വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനെടുത്ത കുഴികളും ടാറിംഗ് തകർന്നുള്ള കുഴികളും റോഡിനെ കുരുതിക്കളമാക്കുകയാണ്.ഏറെക്കാലമായി തകർന്നുകിടക്കുന്ന റോഡിൽ അപകടങ്ങൾ തുടർക്കഥയാണ്. പുളിങ്കുന്ന് സ്‌കൂളിലെ അദ്ധ്യാപകൻ ഷിബു വർഗീസും മകനും ബൈക്കിൽ പോകുമ്പോൾ കുഴിയിൽ വീണ് അപകടം ഉണ്ടാകുകയായിരുന്നു.മകന്റെ കൈ ഒടിയുകയും ഷിബുവിന്‌ പരിക്കേൽക്കുകയും ചെയ്ത അപകടമാണ് ഒടുവിലത്തേത്.

നടുവൊടിക്കുന്ന കുഴികൾ,​ പരിഹാരമില്ല

നടുവൊടിക്കുന്ന കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളുണ്ടായിട്ടും പരിഹാര നടപടികളില്ല.എം.സി.റോഡിൽ തിരുമൂലപുരത്തുനിന്നു റോഡ് തുടങ്ങുന്നതു മുതൽ തകർച്ചയും തുടങ്ങുന്നു.കാളച്ചന്തയിലെ പണിതുകൊണ്ടിരിക്കുന്ന ഓവർഹെഡ് ടാങ്കിലേക്ക് ബന്ധിപ്പിക്കാനുള്ള പൈപ്പിടുന്നതിന് റോഡിലെടുത്ത കുഴികൾ പലയിടത്തും വാപിളർന്ന് കാത്ത് കിടക്കുകയാണ്.കഴിഞ്ഞയാഴ്ചയും ഇവിടെ അപകടമുണ്ടായി.സെന്റ് തോമസ് സ്‌കൂളിന്റെ വശത്തുകൂടി താഴേക്ക് റോഡുപോകുന്ന ഭാഗത്ത് അരികുകൾ ഗർത്തം പോലെയായി. രണ്ടുവാഹനങ്ങൾ ഒരുമിച്ചെത്തിയാൽ വശം കൊടുക്കാൻ നന്നേ ബുദ്ധിമുട്ടണം.റോഡരികിലേക്ക് ഇറക്കിയാൽ ടാറും മണ്ണും തമ്മിലുള്ള ഉയരവ്യത്യാസംമൂലം അടിത്തട്ടിടിക്കും.നഗരത്തിലെ തിരക്കിൽ നിന്നൊഴിവായി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്.മൂന്നര കിലോമീറ്റർ ദൂരത്തിൽ സംസ്ഥാനപാതകളെ ബന്ധിപ്പിച്ചു കടന്നുപോകുന്ന റോഡിന്റെ പുനരുദ്ധാരണം വൈകുന്നത് പ്രദേശവാസികളുടെ പ്രതിഷേധം ഉയരുകയാണ്.

തിരുമൂലപുരം - കറ്റോട് റോഡിന്റെ നവീകരണത്തിനായി മൂന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നിർമ്മിക്കാൻ ടെണ്ടർ ചെയ്‌തെങ്കിലും ആരും കരാർ ഏറ്റെടുത്തില്ല. ഈ സാഹചര്യത്തിൽ റീ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്.


സി.ബി. സുഭാഷ് കുമാർ
(അസി.എക്സി.എൻജിനീയർ
പൊതുമരാമത്ത് വകുപ്പ്)

-തിരുമൂലപുരത്തുനിന്നു റോഡ് തുടങ്ങുന്നതു മുതൽ തകർച്ച

-അപകടങ്ങൾ പതിവ്

- റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം ശക്തം

-റോ‌ഡ് അരികുകൾ ഗർത്തം പോലെ

------------------------------------------------------------

-റോഡ‌ിന്റെ കരാർ എറ്റെടുക്കാൻ ആളില്ല

-മൂന്നരക്കോടി അനുവദിച്ചു