തിരുവല്ല: യുവാക്കളിൽ വ്യായാമ ശീലം വളർത്താനൊരു വാട്സ് ആപ്പ് കൂട്ടായ്മ. വളഞ്ഞവട്ടം സ്വദേശി ലിജു വർഗീസാണ് അമരക്കാരൻ. വിദ്യാർത്ഥികൾ മുതൽ അൻപതിലെത്തിയവർ വരെ എൺപത് അംഗങ്ങൾ കൂട്ടായ്മയിലുണ്ട്. എല്ലാവരും ഒരേസമയത്ത് വ്യായാമം തുടങ്ങും. പുലർച്ചെ നാലര മുതലുളള ഒാട്ടത്തിൽ തുടങ്ങി ഏഴര വരെ ചിട്ട തെറ്റാതെ വ്യായാമം നീളും. ചില ദിവസങ്ങളിൽ സൈക്കിളിംഗുമുണ്ട്.
ജീവിത ശൈലി രോഗങ്ങൾ തടയാനും വ്യായാമശീലം വളർത്താനുമാണ് ലിജു വർഗീസിന്റെ ഉദ്യമം. അലസത, ജോലിഭാരം, മാനസിക സമ്മർദ്ദം എന്നിവയിൽ നിന്ന് മോചനം നേടാൻ ഇതിലൂടെ കഴിയുമെന്ന് കൂട്ടായ്മയിലുളളവർ പറയുന്നു.
ചെന്നൈ, ബംഗളുരു, ദുബായ് എന്നിവിടങ്ങളിലെ പ്രമുഖ ഫിറ്റ്‌നസ് സെന്ററുകളിൽ പ്രഫഷണൽ ട്രെയിനറായി ജോലി നോക്കിയിട്ടുള്ള ലിജു വർഗീസ് നാട്ടിൽ ടൈറ്റൻ ഫിറ്റ്‌നസ് എന്ന പേരിൽ ജിംനേഷ്യം നടത്തുന്നുണ്ട്. 'ജോലിയ്ക്കപ്പുറം രോഗമില്ലാത്ത യുവത, അതിന് തന്നാൽ കഴിയുന്ന ഒരു ഉദ്യമം എന്ന നിലയ്ക്കാണ് വാട്‌സ് ആപ്പ് കൂട്ടായ്മ തുടങ്ങിയതെന്ന് ലിജു പറയുന്നു. പ്രായമുള്ളവർ പോലും രാവിലെയുള്ള ഓട്ടത്തിലും വ്യായാമത്തിലും പങ്കെടുക്കുന്നു.