കോന്നി : റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിലെ (ആർ.സി.ബി) സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് സെക്രട്ടറി, ക്ളാർക്ക്, പ്യൂൺ എന്നിവർ ചേർന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കേസ് പൊലീസിൽ എത്തിയത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ഭരണ സമതിയിലെ പ്രസിഡന്റ് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും വ്യക്തത ഇല്ലാത്തതിനാൽ കേസ് എടുത്തിരുന്നില്ല. ബാങ്കിന് നഷ്ടമായ തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതിനിടെ വകുപ്പുതല അന്വേഷണങ്ങൾ തുടങ്ങുകയും ചെയ്തു. ഏഴ് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതോടെ രണ്ടരക്കോടിയോളം രൂപ ആരോപണവിധേയർ തിരിച്ചടയ്ക്കുകയും ചെയ്തു. ഇപ്പോൾ അഞ്ചുകോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നാണ് പൊലീസിൽ ലഭിച്ചിട്ടുള്ള പരാതിയിലുള്ളത്. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ഉൾപ്പടെയാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ പൊലീസിന് പരാതി നൽകിയിരിക്കുന്നത്. ഏതാനും വർഷങ്ങളായി വായ്പ, ചിട്ടി തുടങ്ങിയവ മതിയായ രേഖകളില്ലാതെ പലർക്കായി അനുവദിച്ച് നൽകുകയും പലരുടെയും പേരിൽ വായ്പ എടുക്കുകയും ചെയ്തിരുന്നതായാണ് പരാതി. മൂന്നു വർഷം മുമ്പ് ബാങ്കിലെ ജീവനക്കാരി ഇത് കണ്ടെത്തി പരാതി നൽകുകയായിരുന്നു.