a

ഇളമണ്ണൂർ: വേനൽ കടുത്തതോടെ കുടിവെളളക്ഷാമം രൂക്ഷമായിട്ടും കൃഷിയിടങ്ങൾ കരിഞ്ഞിട്ടും കെ.ഐ.പി കനാലുകൾ തുറക്കാത്തത് പ്രതിസന്ധിയാകുന്നു. സാധാരണ ജനുവരി ആദ്യവാരത്തോടെ കനാലുകൾ തുറന്നുവിട്ട് ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണുമായിരുന്നു. ജലം ലഭ്യമല്ലാത്തതിനാൽ വേനൽക്കാല പച്ചക്കറിക്കായി ഇത്തവണ വിത്തിറക്കിയില്ല. ഉള്ള കൃഷികൾ കരിഞ്ഞുണങ്ങുകയാണ്. വാഴകൾ, തെങ്ങുംതൈകൾ, ചേമ്പ്, ഇഞ്ചി , ചേന എന്നിവ നശിച്ചു. കിണറുകളും വറ്റി വരണ്ട നിലയിലാണ്.

"ജലലഭ്യത കുറവ് മൂലം 400 മൂട് വാഴയും 50 മൂട് തെങ്ങിൻ തൈകളും കരിഞ്ഞുണങ്ങിയ നിലയിലാണ് ".

ഭാസ്കരൻ

(കടമ്പനാട് പഞ്ചായത്തിലെ മികച്ച ജൈവ കർഷകൻ )

കനാലുകൾ വൃത്തിയാക്കിയിട്ടില്ല

കലഞ്ഞൂർ, ഏനാദിമംഗലം, ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കൽ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന കനാൽ കാടുകൾ നിറഞ്ഞ നിലയിലാണ്. വൻതോതിൽ അറവുശാലയിലെ അവശിഷ്ടങ്ങളും മാലിന്യ ങ്ങളും കനാലുകളിൽ ഉണ്ട്. മുൻകാലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ ശുചീകരണം നടന്നിരുന്നു. ഇത്തവണ ശുചീകരണം നടന്നില്ല. ആവർത്തന സ്വഭാവമുള്ള പ്രവർത്തികൾ തൊഴിലുറപ്പ് പദ്ധതിയിൽ പാടില്ല എന്ന പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നിർദ്ദേശമാണ് വൃത്തിയാക്കാൽ വൈകാനിടയായത്.