പത്തനംതിട്ട : തേക്കുതോട് കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. തോട്ടയ്ക്കൽ വീട്ടിൽ കുഞ്ഞുകുഞ്ഞിനാണ് (72) പരിക്കേറ്റത്. ഇന്നലെ രാവിലെ 8ന് ആണ് സംഭവം. പണിയെടുക്കുകയായിരുന്ന മകൻ അനിലിന് കാപ്പി കൊടുക്കാൻ പറമ്പിലെത്തിയപ്പോൾ രണ്ട് ആനകളുടെ മുമ്പിൽപ്പെടുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ് കുഞ്ഞുകുഞ്ഞിന്റെ കാൽ ഒടിഞ്ഞു. പൊടി പറന്നത് കാരണം കുഞ്ഞുകുഞ്ഞ് വീണ് കിടന്നത് ആന കണ്ടില്ല. ചുറ്റിനും നടന്നിട്ട് തിരികെ പോയി. ഇൗ സമയം മകൻ അനിൽ കുരുമുളക് പറിക്കാൻ മരത്തിന്റെ മുകളിലായിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെ കാട്ടാനയുടെ ആക്രമണത്തിൽ വീടുകൾ തകർന്നിരുന്നു. കു‌ഞ്ഞുകുഞ്ഞ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വീഴ്ചയിൽ നെഞ്ചിനും കൈക്കും പരിക്കുണ്ട്.